Saturday, 27 July - 2024

മെയ് 17 മുതൽ ഇന്ത്യ അടക്കം വിലക്കുള്ള രാജ്യങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുകയില്ലെന്ന് സഊദി എയർ ലൈൻസ്

റിയാദ്: മെയ് 17 മുതല്‍ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുകയില്ലെന്ന് സഊദി എയർലൈൻസ് അറിയിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുമെങ്കിലും പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുകളുണ്ടാകില്ലെന്നാണ് അറിയിപ്പ്‌.

മെയ് 17 മുതല്‍ എടുത്തുകളയുമോയെന്നും വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുമോയെന്നുമുള്ള സഊദി പൗരന്മാരില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സഊദിയ ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്ന അറിയിപ്പാണിത്.

അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ എടുത്തുകളയുന്നത് കൊറോണ വ്യാപനം മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ബാധകമല്ലെന്ന് സഊദിയ പറഞ്ഞു.

അർജന്റീന, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, അമേരിക്ക, ഇൻഡോനീഷ്യ, അയർലണ്ട്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യുകെ, തുർക്കി, സൗത്ത് ആഫ്രിക്ക, കിങ്ഡം ഓഫ് സ്വീഡൻ, സ്വിസ്സ് കോൺഫെഡറേഷൻ, ഫ്രാൻസ്, ലേബനോൻ, ഇജിപ്ത്, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് നിരോധിത ലിസ്റ്റിൽ ഉൾപ്പെട്ടതെന്നാണ് പറയുന്നത്. ആഭ്യന്തര മന്ത്രാലയം നേരത്തെ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളാണിവ. ഇന്ത്യയിലേക്കുള്ള വിലക്ക് സംബന്ധമായി കൂടുതൽ വ്യക്തത വരുത്തിയും സഊദിയ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.

അന്താരാഷ്ട്ര വിമാന സർവ്വീസ് മെയ് പതിനേഴിന് പുനഃരാരംഭിക്കുമെന്നും ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള സർവീസുകൾക്ക് വിലക്ക് ഉണ്ടെന്നുമാണ് അറിയിച്ചിരുന്നത്. വിലക്ക് പിൻവലിക്കുമ്പോൾ തങ്ങളുടെ ഔദ്യോഗിക ചാനലിലൂടെ ഇക്കാര്യം വ്യക്തമാക്കുമെന്നും സഊദിയ പ്രതികരണത്തിൽ പറയുന്നുണ്ട്. പുതിയ റിപ്പോർട്ടുകളോടെ പ്രവാസികളുടെ കാത്തിരിപ്പ് വെറുതെയായിരിക്കുകയാണ്.

Most Popular

error: