Saturday, 27 July - 2024

ദാറുന്നജാത്ത് അനാഥ കുരുന്നുകൾക്ക് പെരുന്നാൾ പുടവ നൽകും

ജിദ്ദ: കരുവാരക്കുണ്ട് ദാറുന്നജാത്ത് സഊദി നാഷണൽ കമ്മിറ്റി ഈ വർഷവും ദാറുന്നജാത്തിലെ അന്തേവാസികളായ അനാഥ വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കും അവരെ പരിചരിക്കുന്നവർക്കും പെരുന്നാൾ പുടവ നൽകും. ‘നമ്മുടെ കുട്ടികളുടേത് പോലെയുള്ള പെരുന്നാൾ പുടവ’ എന്ന പേരിൽ എല്ലാ വർഷവും സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസികൾ ദാറുന്നജാത്തിലെ അനാഥകൾക്ക് പെരുന്നാൾ വസ്ത്രം നൽകാറുണ്ട്.

ഈ വർഷത്തെ പെരുന്നാൾ പുടവക്കുള്ള വിഭവ സമാഹരണ ഉദ്ഘാടനം ജിദ്ദയിലെ പ്രവാസി പ്രമുഖനായ നജീബ് (ബേബി) നീലാമ്പ്ര യിൽ നിന്ന് ഫണ്ട്‌ സ്വീകരിച്ചു കൊണ്ട് ദാറുന്നജാത്ത് ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ നിർവഹിച്ചു.

പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും സമസ്ത നേതാവുമായിരുന്ന കെ. ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തിൽ 1976-ലാണ് വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കരുവാരക്കുണ്ട് പ്രദേശത്ത് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ സ്ഥാപിച്ചത്. ഇതിന് കീഴിൽ അനാഥാലയം ഉൾപ്പെടെ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആർട്സ് & സയൻസ് കോളേജ് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്.

ജിദ്ദയിൽ നടന്ന ദാറുന്നജാത്ത് കമ്മിറ്റി യോഗം ഉമർ പുത്തൂർ ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. നജീബ് (ബേബി) നീലാമ്പ്ര സംസാരിച്ചു. ഇ. കെ യൂസുഫ് കുരിക്കൾ സ്വാഗതവും ഇല്യാസ് തരിശ് നന്ദിയും പറഞ്ഞു.

Most Popular

error: