കിഷൻഗഞ്ച്: രാജ്യത്തെ ദരിദ്ര മേഖലകളിൽ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുമ്പോൾ പെൺകുട്ടികളെ പരിഗണന അർഹിക്കുന്നുണ്ടെന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം ലക്ഷ്യം വെച്ച് ബീഹാറിലെ കിഷൻഗഞ്ച് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൊർദോവ വെൽഫയർ സൊസൈറ്റിയുടെ കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലെൻസിന്റെ ശിലാ സ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ.
സാമൂഹിക നവോത്ഥാനത്തിലും രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിലും നേതൃ പരമമായ പങ്ക് നിർവഹിക്കാൻ കഴിയുന്ന, ഉയർന്ന നേതൃഗുണവും ചിന്താശേഷിയും മതഭൗതിക ജ്ഞാന മേഖലകളിൽ മികച്ച പാണ്ഡിത്യവുമുള്ള, ഒരു പുതു തലമുറയെ സൃഷ്ടിക്കലാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഡയരക്ടർ ഡോ: സുബൈർ ഹുദവി പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ഉള്‍കൊള്ളുന്ന സീമാഞ്ചല്‍ മേഖല ആസ്ഥാനമാക്കി 2019-ൽ ആരംഭിച്ച കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സ് നിലവിൽ വാടക ക്യാമ്പസിലാണ് പ്രവർത്തിക്കുന്നത്.
പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് എഴുത്ത് – വാചിക പരീക്ഷയിലൂടെയാണ് പ്രവേശനം.
സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസുകള്‍ അടങ്ങുന്ന ഏഴു വര്‍ഷത്തെ മികച്ച പഠനത്തിനു ശേഷം വിദ്യാർഥികളുടെ അഭിരുചിയും സമൂഹത്തിൻ്റെ ആവശ്യങ്ങളും പരിഗണിച്ച് ലഭ്യമായ ഏറ്റവും മികച്ച തുടര്‍പഠനത്തിനുള്ള സൗകര്യം ചെയ്ത്, സോഷ്യൽ എഞ്ചിനീയിംഗിന് അവരെ ഉപയോഗപ്പെടുത്തനാണ് പദ്ധതി. ഈ മേഖലയിലെ ബഹുഭുരിപക്ഷം കുട്ടികളും സ്‌കൂളില്‍ പോകാത്തവരോ പ്രായത്തിനൊത്ത അറിവ് ലഭിച്ചിട്ടില്ലാത്തവരോ ആയതിനാല്‍ പ്രവേശനം നല്‍കി ആദ്യ അഞ്ചു മാസം നിരന്തരമായ പരിശീലനങ്ങളും പഠന പ്രക്രിയകളും നടത്തിയാണ് ഇവരെ കോഴ്‌സിന് പ്രാപ്തരാക്കുന്നത്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ക്കു പുറമെ നേതൃപരിശീലനവും പഠനയാത്രകളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും കോഴ്‌സിന്റെ ഭാഗമാണെന്നും സുബൈർ ഹുദൈവി പറഞ്ഞു.
കൊച്ചാ ദാമനിലെ ബഡീ ജാൻ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ കൊർദോവ വെൽഫയർ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാജി ഇസ്മായിൽ, അബ്സാർ സിദ്ദിഖി, സി ടി അബ്ദുൽ ഖാദർ ഹാജി, സഈദ് ഹുദവി ആനക്കര, മാധ്യമ പ്രവർത്തകൻ ഹസനുൽ ബന്ന, എവി അബ്ദുൽ ഖാദർ ഹുദവി, പി ടി ഷറഫുദീൻ ഹുദവി, മുഹമ്മദ് മാൾട്ട, ഫസലുറഹ്മാൻ ജർമ്മനി, പഞ്ചായത്ത് മുഖ്യൻ ഫുർഖാൻ ആലം, അബ്സാർ ആലം സിദ്ദീഖി തുടങ്ങിയവരും കിഷൻഗഞ്ചിലെ രാഷ്ട്രീയ സാമൂഹിക പ്രമുഖരും പങ്കെടുത്തു.