Friday, 13 September - 2024

ഒമാനിലേക്കുള്ള പ്രവേശന വിലക്ക് നീക്കി, പക്ഷെ, സഊദി യാത്രികർക്ക് ആശ്വസിക്കാൻ വകയില്ല

മസ്കറ്റ്: ഒമാനിലേക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒഴിവാക്കി. ഇതോടെ, മുഴുവൻ ആളുകൾക്കും ഒമാനിലേക്ക് പ്രവേശിക്കാനാകും. എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അറിയിച്ചു. ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണം എടുത്തുകളഞ്ഞാണ് പുതിയ തീരുമാനം. സാധുവായ വിസയുള്ള മുഴുവന്‍ വിദേശികള്‍ക്കും ഒമാനിലേക്ക് വരാനാകുമെന്ന് കാണിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാനില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും സര്‍ക്കുലര്‍ കൈമാറി.

ഇതോടെ, തൊഴില്‍, കുടുംബ, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പടെ എല്ലാ തരം വിസക്കാര്‍ക്കും പ്രവേശനം സാധ്യമാണ്. സാധുവായ വീസയുള്ള മുഴുവന്‍ വിദേശികള്‍ക്കും ഒമാനിലേക്ക് വരാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അസി: ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ അലി അല്‍ ഹര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ, എല്ലാതരം വിസകളും പുതുതായി അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ വിസകള്‍ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. അതിനാൽ തന്നെ സഊദി യാത്രികർക്ക് ഒമാൻ വഴി തത്കാലം യാത്ര ചെയ്യാനാകുമെന്ന് പ്രതീക്ഷയില്ല.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ ഏപ്രില്‍ 7 നാണ് രാജ്യത്തേക്ക് പ്രവേശനം പൗരന്മാര്‍ക്കും റെസിഡന്‍സി വിസ കൈവശമുള്ളവര്‍ക്കും മാത്രമാക്കി ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 50 ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 1,76,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,821 പേര്‍ മരിച്ചു. ഹോസ്പിറ്റല്‍-ഐസിയും കേസുകളും വലിയ തോതില്‍ കൂടി.

കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ റമദാനില്‍ രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ നാലുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഞ്ചാരവും കര്‍ഫ്യൂവില്‍ അനുവദിക്കില്ല. പള്ളികളിലും പുറത്തും ഇഫ്താര്‍ ഉള്‍പ്പെടെ എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്കുണ്ട്.

Most Popular

error: