Thursday, 12 December - 2024

സഊദിയിൽ രണ്ടാമത്തെ ഡോസ് വാക്സിൻ നീട്ടിവെച്ചതായി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി, ആശങ്കകൾ പങ്ക് വെച്ച് പ്രവാസികൾ

റിയാദ്: രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷൻ നീട്ടിവെച്ചതായുള്ള തീരുമാനം പ്രാബല്യത്തിലായി. ഇത് സംബന്ധമായി ആദ്യ ഡോസ് എടുത്ത് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് സന്ദേശങ്ങളും ലഭ്യമായി. രാജ്യത്ത് മുഴുവൻ ആളുകൾക്കും ചുരുങ്ങിയത് ഒന്നാം ഡോസ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയം പുതിയ തീരുമാനം കൈകൊണ്ടത്. ഇക്കഴിഞ്ഞ പതിനൊന്നു മുതൽ രണ്ടാം ഡോസിനായി അപ്പോയിന്റ്റ്മെന്റ് ലഭിച്ചവർക്ക് അത് നീട്ടിവെക്കുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. രാജ്യത്തെ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് ലഭിച്ചതിന് ശേഷമായിരിക്കും രണ്ടാം ഡോസ് സംബന്ധിച്ച് അപോയിന്റ്മെന്റുകൾ ലഭ്യമാക്കുകയെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മൊബൈലിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ലഭിക്കുന്ന സന്ദേശം

അതേസമയം, രണ്ടാമത്തെ ഡോസ് നീട്ടി വെച്ചതിൽ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പ്രവാസികൾ. നാട്ടിൽ പോകുന്നതിനു മുമ്പായി നേരത്തെ കണക്ക് കൂട്ടി വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരാണ് ആശങ്കകൾ പങ്ക് വെച്ച് രംഗത്തെത്തിയത്. നാട്ടിൽ പോകും മുമ്പ് വാക്സിനേഷൻ പോർത്തിയാക്കാനായി തയാറെടുത്തവരാണ് പ്രവാസികളിൽ ഏറെയും. എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയാണ് ഇവരിലുള്ളത്. നാട്ടിലും ഇവിടെയും ഒരേ വാക്സിൻ ആണ് നൽകുന്നതെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ മേഖകയിലുള്ളവർ പറയുന്നത്. നാട്ടിൽ നിന്നും രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നും അത് ഇവിടെ ആരോഗ്യ മന്ത്രാലയത്തിൽ അപ്ഡേറ്റ് ചെയ്‌താൽ മതിയെന്നുമാണ് നിർദേശം.
എന്നാൽ, ഈ നിർദേശം നിലവിലെ സാഹചര്യത്തിൽ എത്രത്തോളം പ്രായോഗികമാണെന്നാണ് ഉയരുന്ന ചോദ്യം. നാട്ടിൽ ഇപ്പോൾ 45 വയസ് കഴിഞ്ഞവർക്ക് മാത്രമാണ് മുൻഗണന. മാത്രമല്ല, ആദ്യ ഡോസ് വിദേശത്ത് നിന്ന് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് മാത്രമായി നൽകുമെന്ന കാര്യത്തിൽ പ്രത്യേക തീരുമാനവും കൈകൊണ്ടിട്ടില്ല.

ഇതോടൊപ്പം, നിലവിൽ വിമാന യാത്രക്കായി വാക്സിനേഷൻ നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഇത് പ്രാബല്യത്തിൽ വന്നേക്കുമെന്ന ആശങ്കയും പ്രവാസികൾ പങ്ക് വെക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തത്കാലം ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിമാന കമ്പനികളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Most Popular

error: