കാഠ്മണ്ഡു: സഊദിയിലേക്ക് പോകാനായി നേപ്പാളിൽ എത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികളോട് എംബസി നടത്തിയ നിലപാട് മാറ്റത്തിൽ ഒടുവിൽ മനം മാറ്റം. എംബസിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും എംപി മാരുടെ ഇടപെടലും ഉണ്ടായതിനെ തുടർന്നാണ് എംബസി തങ്ങളുടെ നിലപാട് മാറ്റിയത്. നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ പുതിയ നിലപാടിനെ തുടർന്ന് നിരവധിയാളുകൾക്ക് ഇന്നത്തെ സഊദി വിമാനം നഷ്ടമായ വാർത്ത മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസി പഴയ നിലപാടിലേക്ക് മാറിയത്. എംബസിയുടെ നിലപാട് മാറ്റം കാരണം എൻ ഒ സി ലഭിക്കാത്തതിനെ തുടർന്നാണ് നിരവധി പേർക്ക് ഇന്നത്തെ വിമാനം നഷ്ടമായത്. ഇവർ ഇപ്പോഴും വിമാനത്താവളത്തിൽ കഴിയുകയാണെന്ന വാർത്തയാണ് മലയാളം പ്രസ്സ് ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.
രണ്ട് ദിവസം മുമ്പാണ് സഊദിയിലേക്ക് പോകാനായി ലഭ്യമാകേണ്ട എൻഒസി ലഭിക്കുന്നതിനായുള്ള നടപടികളിൽ നേപ്പാളിലെ ഇന്ത്യൻ എംബസി പൊടുന്നനെ നിലപാട് മാറ്റിയത്. നേരിട്ട് എംബസിയിൽ പോയി കരസ്ഥമാക്കിയിരുന്ന എൻ ഒ സി ഇപ്പോൾ ലഭിക്കണമെങ്കിൽ ആദ്യം എംബസിയിലേക്ക് മെയിൽ ചെയ്യണമെന്നാണ് നിർദേശം. ഇങ്ങനെ മെയിൽ ചെയ്യുന്നവരിൽ മറുപടി ലഭിക്കുന്നവർ എംബസിയിൽ ചെന്ന് എൻ ഒ സി കൈപ്പറ്റണമെന്നാണ് നിർദേശം. എന്നാൽ, മെയിലിൽ റിപ്ലൈ കിട്ടുന്നത് വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമാണ്. ഇതാണ് ഇവിടെ നിന്നുള്ള യാത്ര പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം.
എൻ ഒ സി ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നത്. ഇന്ന് രാവിലെ പോരേണ്ടിയിരുന്ന ജസീറ വിമാനത്തിൽ ടിക്കറ്റ് എടുത്തിരുന്നവർക്ക് യാത്ര മുടങ്ങി. ഇവർക്ക് എൻ ഒ സി ലഭിക്കാത്തതിനെ തുടർന്ന് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുകയായിരുന്നു. എൻ ഒ സി ലഭിക്കാത്തിരുന്നിട്ടും കടുത്ത പ്രതിസന്ധിക്കിടെയും ഭീമമായ തുക നൽകി വാങ്ങിയ ടിക്കറ്റിന്റെ കാര്യമോർത്ത് ഇവർ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. അധികൃതരുടെ കനിവ് പ്രതീക്ഷിച്ചാണ് ഇവിടെ എത്തിയത്. എന്നാൽ, എൻ ഒ സി ലഭിക്കാത്തതിനെ തുടർന്ന് ഇവരെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ആദ്യം ബോർഡിങ് പാസ് നൽകിയിരുന്നെങ്കിലും പിന്നീട് തിരിച്ചു വാങ്ങുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കേരളത്തിലെ ചില എംപി മാരുടെ ശക്തമായ ഇടപെടൽ ഉണ്ടായത്. ഇവരുടെ ഇടപെടൽ മൂലം എംബസി പഴയ നിലപാടിലേക്ക് തന്നെ തിരിച്ചു പോകുകയായിരുന്നു. ആവശ്യക്കാർക്ക് എംബസിയിൽ നേരിട്ട് ചെന്നാൽ എൻ ഒ സി ലഭിക്കുന്നുണ്ടെന്നാണ് യാത്രക്കാർ അറിയിച്ചത്. എംപി മാരായ ഇ ടി മുഹമ്മദ് ബഷീർ, ശശി തരൂർ എന്നിവരുടെ ശക്തമായ ഇടപെടൽ ഉണ്ടായതാണ് എംബസി നിലപാട് മാറ്റാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോൾ അഞ്ച് മണി കഴിഞ്ഞിട്ടും ക്യുവിൽ ഉള്ളവർക്ക് എൻ ഒ സി കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിരവധി പേർ ഊഴം കാത്ത് നിൽക്കുകയാണെന്നും ഇന്നലെ ആട്ടിപ്പായിച്ച പോലീസ് അധികൃതർ ഇന്ന് മൗനം പാലിച്ചുവെന്നും മലയാളികൾ പ്രതികരിച്ചു.