കാഠ്മണ്ഡു: സഊദിയിലേക്ക് പോകാനായി നേപ്പാളിൽ എത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികളിൽ നിരവധി പേർക്ക് യാത്ര മുടങ്ങി. നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ പുതിയ നിലപാടിനെ തുടർന്ന് നിരവധിയാളുകൾക്ക് ഇന്നത്തെ സഊദി വിമാനം നഷ്ടമായി. ഇനി എത്രകാലം എംബസിയുടെ കനിവ് കാത്ത് കഴിയേണ്ടി വരുമെന്ന കടുത്ത മനഃപ്രയാസത്തിലാണ് ഇവിടെ കുടുങ്ങിയവർ. എംബസിയുടെ നിലപാട് മാറ്റം കാരണം എൻ ഒ സി ലഭിക്കാത്തതിനെ തുടർന്നാണ് നിരവധി പേർക്ക് ഇന്നത്തെ വിമാനം നഷ്ടമായത്. ഇവർ ഇപ്പോഴും വിമാനത്താവളത്തിൽ കഴിയുകയാണ്.
രണ്ട് ദിവസം മുമ്പാണ് സഊദിയിലേക്ക് പോകാനായി ലഭ്യമാകേണ്ട എൻഒസി ലഭിക്കുന്നതിനായുള്ള നടപടികളിൽ നേപ്പാളിലെ ഇന്ത്യൻ എംബസി പൊടുന്നനെ നിലപാട് മാറ്റിയത്. നേരിട്ട് എംബസിയിൽ പോയി കരസ്ഥമാക്കിയിരുന്ന എൻ ഒ സി ഇപ്പോൾ ലഭിക്കണമെങ്കിൽ ആദ്യം എംബസിയിലേക്ക് മെയിൽ ചെയ്യണമെന്നാണ് നിർദേശം. ഇങ്ങനെ മെയിൽ ചെയ്യുന്നവരിൽ മറുപടി ലഭിക്കുന്നവർ എംബസിയിൽ ചെന്ന് എൻ ഒ സി കൈപ്പറ്റണമെന്നാണ് നിർദേശം. എന്നാൽ, മെയിലിൽ റിപ്ലൈ കിട്ടുന്നത് വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമാണ്. ഇതാണ് ഇവിടെ ബഹുഭൂരിഭാഗവും കുടുങ്ങാൻ കാരണം.
എൻ ഒ സി ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേരാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ഇന്ന് രാവിലെ പോരേണ്ടിയിരുന്ന ജസീറ വിമാനത്തിൽ ടിക്കറ്റ് എടുത്തിരുന്നവർക്ക് യാത്ര മുടങ്ങി. ഇവർക്ക് എൻ ഒ സി ലഭിക്കാത്തതിനെ തുടർന്ന് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുകയായിരുന്നു. എൻ ഒ സി ലഭിക്കാത്തിരുന്നിട്ടും കടുത്ത പ്രതിസന്ധിക്കിടെയും ഭീമമായ തുക നൽകി വാങ്ങിയ ടിക്കറ്റിന്റെ കാര്യമോർത്ത് ഇവർ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. അധികൃതരുടെ കനിവ് പ്രതീക്ഷിച്ചാണ് ഇവിടെ എത്തിയത്.
എന്നാൽ, എൻ ഒ സി ലഭിക്കാത്തതിനെ തുടർന്ന് ഇവരെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ആദ്യം ബോർഡിങ് പാസ് നൽകിയിരുന്നെങ്കിലും പിന്നീട് തിരിച്ചു വാങ്ങുകയായിരുന്നു. പതിനൊന്നു മണിക്കുള്ള ഖത്തർ എയറിൽ പോകാനുള്ളവരും ഇപ്പോൾ എയർപോർട്ടിൽ എത്തുന്നുണ്ട്. ഇവരിലും ബഹുഭൂരിപക്ഷത്തിനും എൻ ഒ സി ലഭ്യമായിട്ടില്ല. ഇത്തരത്തിൽ ഏകദേശം മുന്നൂറിലധികം ആളുകൾ ഇപ്പോൾ എയർപോർട്ടിൽ ഉള്ളതയാണ് ഇവിടെ നിന്നുള്ളവർ അറിയിച്ചത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ ആകെ തളർന്നിരിക്കുകയാണ് പ്രവാസികൾ
ദുരിതമനുഭവിക്കുന്ന സമയങ്ങളിൽ താങ്ങാവേണ്ട എംബസിയും ഇന്ത്യൻ ഗവണ്മെന്റും സഊദി പ്രവാസികളോട് കാണിക്കുന്ന ഈ കണ്ണിൽ ചോരയില്ലാത്ത നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സഊദിയിലേക്ക് വിമാന സർവ്വീസിനായി എയർ ബബ്ൾ കരാറിൽ ഒപ്പ് വെക്കാനുള്ള നയതന്ത്ര ശ്രമം പോലും നടത്താത്ത ഇന്ത്യൻ സർക്കാർ, എങ്ങനെയെങ്കിലും സഊദിയിൽ എത്താനായായി കടവും കള്ളിയുമാക്കി ടിക്കറ്റെടുത്ത് ദുരിതം സഹിച്ച് പോകുന്നതിനെയും തുരങ്കം വെക്കുന്ന നടപടിയാണ് ഇപ്പോൾ കൈകൊള്ളുന്നതെന്നും എന്ത് കൊണ്ടാണ് സഊദി പ്രവാസികളോട് ഇത്തരത്തിൽ പെരുമാറുന്നതെന്നുമാണ് ഇവർ ചോദിക്കുന്നത്.