Saturday, 27 July - 2024

സേവനങ്ങൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മൊബൈൽ ആപ്പ് പുറത്തിറക്കി, ഡൗൺലോഡ് ചെയ്യാം

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സേവനങ്ങൾക്കായി മൊബൈൽ ആപ് പുറത്തിറക്കി. സി.ജി.ഐ ജിദ്ദ (CGI Jeddah) എന്ന് പേരിട്ടിരിക്കുന്ന കോൺസുലേറ്റ് ആപ്പ് ജിദ്ദ കോൺസുലേറ്റിന് കീഴിലെ ഇന്ത്യൻ ജനവിഭാഗത്തിന് ഏറെ സഹായകമായിരിക്കും. ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ നിർവഹിച്ചു.

പടിഞ്ഞാറൻ സഊദിയിലെ ഇന്ത്യൻ സമൂഹത്തിനു കോൺസുലേറ്റിന്റെ സേവനം പ്രാപ്തമാക്കുന്നതിൽ ഈ ആപ്പ് വലിയ പങ്കു വഹിക്കുമെന്ന് വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ ചടങ്ങിൽ ആശംസ നേർന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്കു പുറമെ മലയാളിത്തിലും മന്ത്രി ആശംസ സന്ദേശം നൽകിയത് ശ്രദ്ധേയമായി.

പാസ്‌പോർട്ട്, വിസ, കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങളും ലിങ്കുകളും ഉൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് ആപ് നിമിച്ചിട്ടുള്ളത്. ജിദ്ദയിലെ കോൺസുലേറ്റിലേക്കും തബൂക്ക്, മക്ക, അബഹ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിലേക്കുമുള്ള ഗൂഗിൾ മാപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അടിയന്തര സേവനത്തിനായി 24 മണിക്കൂറും ഉപയോക്താവിനെ കോൺസുലേറ്റുമായി ബന്ധിപ്പിക്കുന്ന എമർജൻസി ഡയൽ എന്ന ഓപ്ഷനും ഇതിൽ ഉൾപ്പെടുത്തിട്ടുണ്ട്.

പാസ്‌പോർട്ട്, വിസ, കമ്യൂണിറ്റി വെൽഫെയർ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും, തൊഴിലാളികൾക്കുള്ള മാർഗനിർദേശങ്ങൾ, തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, രാജ്യത്തിന്റെ തൊഴിൽ നിയമങ്ങൾ, ഇന്ത്യൻ പൗരന്മാരുടെ രജിസ്‌ട്രേഷൻ എന്നിവയും ആപ്പിൽ ലഭ്യമാണ്. നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ആപ്പിൽ കാലാകാലങ്ങളിൽ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുമെന്നും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

www.cgijeddah.gov.in എന്ന വെബ്‌സൈറ്റിൽനിന്നും http://cgijeddah.com/cgijeddah.apk എന്ന ലിങ്കിൽ നിന്നും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും. ഒരാഴ്ചക്കകം പ്ലേ സ്‌റ്റോറിലും iOS ലും ആപ്പ് ലഭ്യമാവും.

കോൺസൽ ഹംന മറിയം സ്വാഗതം പറഞ്ഞു. മറ്റു കോൺസൽമാരായ വൈ. സാബിർ, മുഹമ്മദ് അലീം, സാഹിൽ ശർമ, ടി. ഹാംഗ്ഷിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Most Popular

error: