Saturday, 27 July - 2024

പ്രവാസം ദുരിതമായി; ഒടുവിൽ ദുരിതക്കടലിൽ നിന്ന് ലൈല ബീവി നാട്ടിലേയ്ക്ക് മടങ്ങി

ദമാം: പ്രവാസ ജീവിതം ദുരിതത്തിലായ മലയാളി വീട്ടു ജോലിക്കാരി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ അലിയാരു കുഞ്ഞു ലൈല ബീവിയാണ് നവയുഗത്തിന്റെയും ഏതാനും മനുഷ്യ സ്നേഹികളുടെയും കാരുണ്യത്തിൽ നാടണഞ്ഞത്. നാല് വർഷങ്ങൾക്ക് സഊദിയിലെത്തിയ ഇവർക്ക് കരാർ കാലാവധി കഴിഞ്ഞിട്ടും സ്പോൺസർ ഒരു പ്രാവശ്യം പോലും നാട്ടിലേയ്ക്ക് അയച്ചിരുന്നില്ല. അറുപത് വയസ്സുള്ള ഇവർ ഏറെ ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതിനിടെ ബാത്റൂമിൽ കാൽ തെറ്റി വീണു നടക്കാൻ പ്രയാസം ഉണ്ടായെങ്കിലും നാട്ടിലയക്കാനോ വേണ്ട രീതിയിലുള്ള ചികിത്സ നടക്കുവാനോ സ്പോൺസർ ശ്രദ്ധിച്ചില്ലെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

ഇവരുടെ ദുരിത കഥയറിഞ്ഞ അസീസ് മൗലവി നവയുഗം ജീവകാരുണ്യ പ്രവർത്തകയായ മഞ്ജു മണിക്കുട്ടനുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് അയക്കാനുള്ള വഴി കണ്ടെത്തിയത്. നവയുഗം ജീവകാരുണ്യ വിഭാഗം പ്രവർത്തകരായ മഞ്ജുവും, പദ്മനാഭൻ മണിക്കുട്ടനും ഏറെ അവശയായിരുന്ന ലൈല ബീവിയെ ഖോബാർ പോലീസ് സ്റ്റേഷനിലും പിന്നീട് ദമാം വനിതാ അഭയകേന്ദ്രത്തിലും ഹാജരാക്കി ജാമ്യത്തിൽ എടുത്ത് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി. ഒരാഴ്ച മഞ്ജുവിന്റെ കുടുംബത്തിന്റെ പരിചരണത്തിൽ കഴിഞ്ഞപ്പോൾ ഇവരുടെ ആരോഗ്യനില മെച്ചപ്പെടുകയും വീൽചെയറിന്റെ സഹായമില്ലാതെ നടക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തുകയും ചെയ്‌തു.

പിന്നീട് ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് ലൈല ബീവിയ്ക്ക് ഔട്ട്പാസ് സംഘടിപ്പിക്കുകയും തർഹീലുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയായപ്പോൾ അസീസ് മൗലവി തന്നെ നൽകിയ വിമാന ടിക്കറ്റിലാണ് ലൈല ബീവി നാട്ടിലേക്ക് മടങ്ങിയത്.

Most Popular

error: