കുവൈത് സിറ്റി: കുവൈത്തിൽ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം അവരവരുടെ ആചാരപ്രകാരം നടത്താൻ അനുമതി നൽകി. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫേഴ്‌സ് ഡയറക്ടർ ഡോ: ഫൈസൽ അൽ അവാദിയാണ് ഇക്കാര്യം വ്യക്തമമാക്കിയത്. എന്നാൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനിൽക്കുന്ന വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ മുസ്‍ലിം ഇതര മതവിഭാഗങ്ങൾക്ക് അവരവരുടെ മതാചാര പ്രകാരം മൃതദേഹ സംസ്കാരത്തിന് അനുമതിയുണ്ട്. എന്നാൽ മൃതദേഹങ്ങൾ വൈദ്യുതി ഉപയോഗിച്ചോ മറ്റോ ദഹിപ്പിപ്പിക്കുന്നതിന് 1980 മുതൽ രാജ്യത്തുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുന്നതായും ഫൈസൽ അൽ അവാദി പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ മൃതദേഹങ്ങളും ബഹുമാനിക്കപ്പെടണമെന്ന ഇസ്‌ലാമിക അധ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ഹിന്ദു, ബുദ്ധ മത വിശ്വാസികളുടെ ഭാഗത്തു നിന്ന് ദഹിപ്പിക്കുന്നതിനായി അപേക്ഷകൾ ലഭിച്ചെങ്കിലും മുനിസിപ്പാലിറ്റി നിരാകരിക്കുകയായിരുന്നു.