Friday, 13 December - 2024

ജോലിക്കിടെ പരിക്കേറ്റ ബംഗാളി യുവാവ് മലയാളി സാമൂഹ്യ പ്രവർത്തകരുടെ കൈത്താങ്ങ്

ദമാം: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽപ്പെട്ട് കിടപ്പിലായ പശ്ചിമ ബംഗാൾ സ്വദേശി മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊൽക്കത്ത സ്വദേശിയായ ബാദൽ മണ്ഡൽ ആണ് നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. പത്തു വർഷമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം കുറേക്കാലം ഒരു സ്പോൺസറിന്റെ കീഴിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അവിടെ നിന്ന് ഒളിച്ചോടിയതിനെ തുടർന്ന് സ്പോൺസർ ഹുറൂബ് ആക്കി. ഇവിടെത്തന്നെ ജോലി ചെയ്യുന്ന സഹോദരനുമൊത്ത് മറ്റു ചില പണികൾ ചെയ്തായിരുന്നു ജീവിതം.

ഇതിനിടെ, ഒരു മാസം മുൻപ് ജോലിക്കിടെ സ്കാഫോൾഡിങ്ങിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. കോബാർ ഷിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം നട്ടെല്ലിനും കാലിനും പൊട്ടൽ ഉണ്ടായതിനാൽ കുറച്ചു കാലം കിടപ്പിലായി. ഇൻഷുറൻസ് ഇല്ലാതിരുന്ന ബാദലിനെ ഷിഫ ആശുപത്രി അധികൃതർ സഹായിച്ചു. അവിടത്തെ ചികിത്സയിലൂടെ നിവർന്ന് ഇരിക്കാനും, വീൽചെയറിൽ സഞ്ചരിക്കാനും കഴിയുന്ന അവസ്ഥയായതോടെ തുടർചികിത്സക്ക് നാട്ടിലേക്കയക്കാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു.

എന്നാൽ, ഹുറൂബിൽ ആയിരിക്കുകയും പാസ്സ്പോർട്ടും ഇഖാമയും കാലാവധി കഴിഞ്ഞതിനാലും, നാട്ടിലേയ്ക്ക് മടങ്ങാൻ നിയമകുരുക്കുകൾ ഏറെയായിരുന്നു. തുടർന്ന് ബാദലിന്റെ സഹോദരൻ നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനെയും മഞ്ജു മണിക്കുട്ടനെയും ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ട് ബാദലിന് ഔട്ട് പാസ്സ് സംഘടിപ്പിച്ചു നൽകി. തർഹീലുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റും അടിച്ചു. എയർലൈൻസുമായി ബന്ധപ്പെട്ട് വീൽചെയറിൽ വിമാനയാത്ര ചെയ്യാനുള്ള അനുമതി നേടി എടുത്തു. ബാദലിന്റെ സഹോദരൻ കൂടെ യാത്ര ചെയ്യാൻ തയ്യാറായി. എല്ലാ നിയമനടപടികളും പൂർത്തിയാക്കി പത്തുവർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച്, ബാദൽ നാട്ടിലേയ്ക്ക് മടങ്ങി.

Most Popular

error: