Saturday, 27 July - 2024

പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് വിമാനയാത്രക്ക് വിലക്കുണ്ടാകില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാനയാത്ര വിലക്കിയിട്ടില്ലെന്ന് കുവൈത് ആരോഗ്യ മന്ത്രി ഡോ: ബാസിൽ അസ്സബാഹ് വ്യക്തമാക്കി. വാക്‌സിൻ എടുക്കാത്തവർക്കെതിരെ ഏതെങ്കിലും തരത്തിൽ നടപടിയുമെടുക്കാൻ ഇതുവരെ തീരുമാനമൊന്നും എടുത്തില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർക്കെതിരെ നടപടിയെടുക്കാനോ യാത്രാവിലക്ക് ഏർപ്പെടുത്താനോ കുവൈത്ത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി ആഗോളതലത്തിലും കുവൈത്തിലും സാഹചര്യങ്ങൾ മാറുന്നതിനുസരിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് പുതിയ തീരുമാനങ്ങൾ എടുത്തേക്കാമെന്നും സൂചന നൽകി. പാർലിമെന്റിൽ ഹമദ് അൽ മതർ എംപി ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കുവൈത്തിലേക്കുള്ള പ്രവാസികളുടെ പ്രവേശന വിലക്ക് തുടരുകയാണ്. റമദാനിലും പ്രവേശന വിലക്ക് നീക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദിനംപ്രതിയുള്ള കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്നതിനാല്‍ ഫെബ്രുവരി മുതലാണ് കുവൈറ്റില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍, രോഗവ്യാപനത്തില്‍ കുറവില്ലാതിരുന്നതിനാല്‍ വിലക്ക് നീട്ടാന്‍ അധികൃതരെ പ്രേരിപ്പിച്ചു. കൊവിഡ് വ്യാപനത്തില്‍ നിലവില്‍ രാജ്യത്ത് അര്‍ദ്ധ സ്ഥിരതയാണ് ഉള്ളത്. എന്നാലും കുവൈറ്റില്‍ അണുബാധ നിരക്ക് ഇപ്പോഴും ഭയാനകമാണെന്ന് ആരോഗ്യ അധികൃതര്‍ പറഞ്ഞു. കൊവിഡിനെതിരായ നടപടികള്‍ റമദാന്‍ മാസത്തില്‍ പരിഷ്‌കരിക്കാനോ ലഘൂകരിക്കാനോ ഉള്ള സാധ്യത തള്ളിക്കളഞ്ഞു.

Most Popular

error: