റിയാദ്: സഊദിയിൽ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ സൈനികരായി ജോലി ചെയ്തിരുന്ന മൂന്ന് പേരെയാണ് ഉയർന്ന രാജ്യദ്രോഹക്കുറ്റത്തിൽ വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എസ്‌പിഎ റിപ്പോർട്ട് ചെയ്‌തു. പ്രതിരോധ മന്ത്രാലയ ജീവനക്കാരായ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ യഹ്‌യ അകം, ഷഹിർ ബിൻ ഈസ ബിൻ ഖാസിം ഹഖാവി, ഹമൂദ് ബിൻ ഇബ്‌റാഹീം ബിൻ അലി ഹംസി എന്നിവരെയാണ് വധഃശിക്ഷക്ക് വിധേയരാക്കിയത്.
“രാജ്യത്തെ ലംഘിക്കുന്ന തരത്തിൽ ശത്രുക്കളുമായി സഹകരിച്ച്” രാജ്യദ്രോഹം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ വ്യക്തമാക്കി. മൂന്നുപേരെയും കോടതി വധശിക്ഷ വിധിച്ചതിന് ശേഷം രാജകീയ ഉത്തരവ് കൂടി വന്നതോടെയാണ് വിധി നടപ്പാക്കിയത്.
രാജ്യത്തിന്റെ സൈനിക താൽപ്പര്യങ്ങൾ, സുരക്ഷ, സ്ഥിരത എന്നിവക്കെതിരായ ശത്രുക്കളുമായി ഗൂഢമായ സഹകരണം കണ്ടെത്തിയതിനെത്തുടർന്നാണ് മൂന്ന് സൈനികരും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. മൂന്നുപേരുടെ നടപടിയിൽ അപലപിച്ച മന്ത്രാലയം സഊദി അറേബ്യയുടെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്‌ത സൈനികരിൽ ആത്മവിശ്വാസം ഉറപ്പിക്കുന്നതായും മന്ത്രാലയം പറഞ്ഞു.