റിയാദ്: സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കിത്തുടങ്ങി. രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരില്‍ 50 മുകളിലുള്ളവര്‍ക്കിടയിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന മുഴുവന്‍ സ്വദേശികള്‍ക്കും ചുരുങ്ങിയത് 4000 റിയാല്‍ ശമ്പളം നല്‍കണമെന്ന നിബന്ധനയാണ് നടപ്പാക്കിത്തുടങ്ങിയത്.
നേരത്തേ 3000 റിയാലായിരുന്നു സഊദിയിലെ സ്വദേശികളുടെ മിനിമം വേതനം. പുതുക്കിയ മിനിമം വേതനത്തിന് അനുസൃതമായിട്ടാണ് ഇനി മുതല്‍ നിതാഖാത്ത് വ്യവസ്ഥയിലെ സ്വദേശി അനുപാതവും നിശ്ചയിക്കുക. നിതാഖാത്ത് സംവിധാനത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശി ജീവനക്കാരന്‍ 4,000 മുതല്‍ മേല്‍പ്പോട്ട് ശമ്പളം വാങ്ങുന്നവര്‍ മാത്രമായിരിക്കും.
2020 നവംബറിലായിരുന്നു രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള തൊഴിലളികള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചത്. അഞ്ചു മാസത്തിനു ശേഷം ഇത് നടപ്പിലാക്കുമെന്ന് സാമൂഹ്യ വികസന , മനുഷ്യ വിഭവ- മന്ത്രി അഹ്മദ് അല്‍ റാജിഹി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സൗദികളായ 50 കഴിഞ്ഞ ജീവനക്കാര്‍ക്കിടയില്‍ ഇത് നടപ്പിലാക്കുന്നത്.
മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് ശമ്പളമെങ്കില്‍ അര്‍ദ്ധ ജീവനക്കാരനായിട്ടാണ് പരിഗണിക്കുക. എന്നാൽ, മൂവായിരത്തിന് താഴെ വേതനം വാങ്ങുന്നവരെ നിതാഖാത്ത് സംവിധാനത്തില്‍ തീരെ പരിഗണിക്കുകയില്ല. അതിനാല്‍ സഊദി ജീവനക്കാരന് 4000 റിയാല്‍ മിനിമം വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ നിയമപ്രകാരമുള്ള സ്വദേശി- പ്രവാസി അനുപാതം പാലിക്കാന്‍ ഒരു സ്വദേശിയെ കൂടി നിയമിക്കേണ്ടിവരും.