Saturday, 27 July - 2024

റമദാനെ സ്വീകരിക്കാൻ വിശുദ്ധ ഹറമുകൾ സജ്ജം; പ്രതിദിനം ഒന്നര ലക്ഷം തീർത്ഥാടകർക്ക് അനുമതി

സേവനത്തിന് 30 പദ്ധതികൾ

മക്ക: വിശുദ്ധ റമദാൻ ആരംഭിക്കാൻ ദിവസങ്ങൾക്ക് മാത്രം അവശേഷിക്കെ റമദാനിൽ ഹറമുകളിൽ എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ ഇരു ഹറമുകളും ഒരുക്കങ്ങൾ പൂർത്തിയാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതോടൊപ്പം കൂടുതൽ വിശ്വാസികൾക്ക് അനുമതി നൽകികൊണ്ടുള്ള ഒരുക്കങ്ങളാണ് പൂർത്തിയായത്. വിവിധ സേവനങ്ങൾക്കായി മുപ്പത് പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിൽ മക്കയിൽ 50,000 ഉംറ തീർഥാടകരെയും നമസ്‌കാരം നിർവഹിക്കാൻ എത്തുന്ന ഒരു ലക്ഷം പേരെയും പ്രതിദിനം സ്വീകരിക്കാൻ തക്കവിധം ശേഷി വർധിപ്പിച്ചതായി മസ്ജിദുൽ ഹറാം കാര്യാലയം വെളിപ്പെടുത്തി. കടുത്ത ആരോഗ്യ മുൻകരുതൽ പാലിച്ചാണ് തീർത്ഥാടകരുടെ ശേഷി വർധിപ്പിക്കുന്നത്. ഉംറ, സിയാറ, പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുകയോ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിടുകയോ ചെയ്‌തവർക്ക് മാത്രമാണ് ഇരു ഹറമുകളിലും അനുമതി നൽകുകയുള്ളൂ. കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി തവക്കൽനാ ആപ്പിൽ അപ്‌ഡേറ്റ് ആകുകയും വേണം. കൊവിഡ് മുക്തി നേടിയവർക്കും അനുമതി നൽകും. ഉംറ തീർഥാടനത്തിനും ഹറം സന്ദർശനത്തിനുമുള്ള അംഗീകൃത പ്ലാറ്റ്‌ഫോമുകൾ തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ മാത്രമാണെന്നും റമദാൻ ഒന്നു മുതൽ വിതരണം ചെയ്യുന്ന പെർമിറ്റിന് അപേക്ഷ നൽകാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. വ്യാജ ഉംറ പെർമിറ്റുകളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കാർപറ്റ്, ശുചീകരണം, സംസം, കവാടങ്ങൾ, നിരീക്ഷണം, ഗതാഗതം, ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് എന്നീ വകുപ്പുകൾക്ക് കീഴിൽ സാങ്കേതിക, സേവന രംഗത്ത് 30 ഓളം പദ്ധതികളാണ് റമദാനിലേക്ക് ഒരുക്കിയിരിക്കുന്നത്. ദിവസം പത്ത് തവണ നിസ്‌കാര സ്ഥലങ്ങൾ കഴുകുകയും മുഴുസമയം സ്ഥലങ്ങൾ അണുമുക്തമാക്കുകയും സുഗന്ധം പൂശുകയും ചെയ്യും. പള്ളിയുടെ വിവിധ ഭാഗങ്ങളിൽ സംസം ഒരുക്കും. ആരോഗ്യ മുൻകരുതലിന് അനുസൃതമായി നമസ്കാരം നടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ബാഗുകളിലാക്കിയും സംസം വിതരണം ചെയ്യും. പകർച്ചവ്യാധികളില്ലാതെ, ആരാധനക്ക് ആരോഗ്യകരമായ അന്തരീക്ഷമൊരുക്കാൻ ഉപരിതലങ്ങളും നിലകളും മുഴുസമയം അണുമുക്തമാക്കും. ഹറമിെൻറ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ പിടികൂടാൻ നിരീക്ഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

Most Popular

error: