റിയാദ്: സഊദിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ഒമാൻ ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങൾ വഴിയായിരുന്നു സഊദി യാത്രക്കാർ എത്തിയിരുന്നത്. എന്നാൽ, വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 12 മുതൽ ഒമാനിലേക്ക് സന്ദർശന വിസക്കാർക്ക് അനുമതി നൽകുകയില്ലെന്ന ഭരണകൂടത്തിന്റെ തീരുമാനത്തിൽ സഊദി പ്രവാസികൾക്ക് ഏറെ തിരിച്ചടിയായിരുന്നു സമ്മാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റു രാജ്യങ്ങൾ വഴിയും സഊദിയിലേക്ക് പ്രവേശനം നേടാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് പ്രവാസികൾ.
സഊദിയുടെ അയൽ രാജ്യമായ ജോർദാന്‍ വഴിയുള്ള യാത്രയാണ് ഇപ്പോൾ ട്രാവൽസുകൾ മുന്നോട്ട് വെക്കുന്ന ആശയം. ഇത് വഴിയുള്ള യാത്രക്കായി ട്രാവൽസുകൾ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജോർദാനില്‍ ഇന്ത്യക്കാർക്ക് സൗജന്യ ഓൺ അറൈവൽ വിസ ലഭ്യമാണ് എന്നതാണ് ഇതിൽ ഏറ്റവും ഗുണകരമാകുന്നത്. വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും ഉണ്ടെങ്കിൽ നേരിട്ട് ജോർദാനിൽ ഇറങ്ങി സന്ദർശക വിസ കരസ്ഥമാക്കാം. സഊദി അതിർത്തി രാജ്യമായ ജോർദാനിൽ നിന്നും സഊദിയിലേക്കുള്ള യാത്രയും എളുപ്പമാണ്. ഒമാന്‍ വഴിയുള്ള സഊദി യാത്ര പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ ഇപ്പോൾ നേപ്പാൾ, മാലിദ്വീപ് തുടങ്ങിയ വഴികൾ മാത്രമാണ് സഊദിയിലേക്ക് പ്രവേശന മാർഗ്ഗം.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ അറിയാനായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ