Saturday, 27 July - 2024

ഒമാൻ പ്രവേശന വിലക്ക്; സഊദി പ്രവാസികൾക്ക് കനത്ത തിരിച്ചടി

റിയാദ്: ഒമാനിലേക്ക് മറ്റുള്ളവർക്ക് പ്രവേശന വിലക്കെർപ്പെടുത്തിയതോടെ ഏറെ ദുരിതം സമ്മാനിക്കുക സഊദി പ്രവാസികൾക്ക്. സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ നിലവിൽ ഇന്ത്യയിൽ നിന്നും ഇല്ലാത്തതിനാൽ നിലവിലുള്ളതിൽ വെച്ച് ആശ്വാസം നൽകുന്നതായിരുന്നു ഒമാൻ വഴിയുള്ള വരവ്. ഏപ്രിൽ എട്ട് മുതൽ ഒമാൻ പൗരന്മാരും ഒമാൻ താമസ രേഖ കൈവശം ഇല്ലാത്തവരും ഒഴികെയുള്ളവർക്ക് പ്രവേശനം നൽകുകയില്ലെന്ന പുതിയ തീരുമാനത്തോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഒമാൻ വഴി സഊദിയിലേക്ക് വരാനായി ഒരുങ്ങിയവർക്കാണ്. ഇതോടെ, സഊദി പ്രവാസികൾ നേപ്പാൾ, മാലിദ്വീപ് തുടങ്ങിയുള്ള വഴികൾ തിരഞ്ഞെടുക്കേണ്ടി വരും.

നിലവിൽ സഊദിയിലേക്ക് ഈ മാർഗ്ഗങ്ങൾ വഴിയാണ് മലയാളികൾ അടക്കമുള്ളവർ പ്രവേശിക്കുന്നത്. സഊദിയുമായി ഇന്ത്യൻ സർക്കാർ ഇത് വരെ എയർ ബബ്ൾ കരാറിൽ ഒപ്പ് വെക്കാൻ സാധിക്കാത്തതിനാലാണ് ഇന്ത്യയിൽ നിന്ന് സഊദിയിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ തുടങ്ങാത്തത്. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരും എംബസിയും കടുത്ത അലംഭാവം കാണിച്ചതയാണ് സഊദി പ്രവാസികൾ വിലയിരുത്തുന്നത്.

മെയ് പതിനേഴിന് സഊദിയിലെ വിമാന സർവ്വീസുകൾ സാധാരണ നിലയിൽ ആകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സഊദി പ്രവാസികൾ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് പ്രാബല്യത്തിൽ വരുമോയെന്ന ആശങ്കയിലുമാണിവർ. ഇന്ത്യയിലെ ഉയർന്ന കൊവിഡ് വ്യാപനവും ഗൾഫ് രാജ്യങ്ങളിലെ ഉയർന്ന കോവിഡ് നിരക്കും ഇനിയും കടുത്ത നിയന്ത്രണങ്ങളിലേക്ക് ഭരണകൂടത്തെ പ്രേരിപ്പിച്ചേക്കുമെന്ന ആശങ്കയാണ് പ്രവാസികൾക്ക് സമ്മാനിക്കുന്നത്.

Most Popular

error: