മക്ക: വിശുദ്ധ റമദാനിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമായിരിക്കും ഉംറ തീർത്ഥാടനത്തിനുള്ള അനുമതി നൽകുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഉംറ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ വ്യക്തമാക്കുന്നതിടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിശുദ്ധ ഉംറ തീർത്ഥാടനത്തിനും മദീന സിയാറത്തിനും വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ഉംറ തീർത്ഥാടനത്തിനുള്ള അനുമതി മൂന്ന് വിഭാഗക്കാർക്ക് മാത്രമാണെന്നാണ് അറിയിച്ചിരിക്കുന്നത് അത് ഇപ്രകാരമാണ്. 1: രണ്ട് ഡോസും സ്വീകരിച്ചവർ, 2: ആദ്യ ഡോസ് സ്വീകരിച്ചു പതിനാല് ദിവസം കഴിഞ്ഞവർ, 3: കൊവിഡ് ബാധിച്ച് രോഗ മുക്തി നേടിയവർക്കും അനുമതി നൽകും.
തവക്കൽന, ഉംറ ആപ്ലിക്കേഷനുകൾ വഴി മാത്രമായിരിക്കും അനുമതി നൽകുകയെന്നും തവക്കൽന ആപ് വഴി വ്യക്തികളെ നേരിട്ട് പരിശോധിച്ചായിരിക്കും പ്രവേശനം നൽകുകയെന്നും അറിയിപ്പിൽ വ്യക്തമാക്കി. ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചു പരമാവധി ആളുകൾക്ക് പ്രവേശനം നൽകാനും തീരുമാനമുണ്ട്.
വാക്സിൻ സ്വീകരിച്ചതായി തവക്കൽന ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ആയിരിക്കുകയും വേണം. പെർമിഷൻ ലഭ്യമായാലും തവക്കൽന പരിശോധിച്ചായിരിക്കും പ്രവേശനം അനുവദിക്കുക