Monday, 13 January - 2025

സഊദിയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും മുടങ്ങി; യാത്രാ ദുരിതത്തിൽ പ്രവാസികള്‍

റിയാദ്: സഊദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ വീണ്ടും മുടങ്ങി. തുടർച്ചയായ വിമാന സർവീസ് മുടക്കം സഊദി പ്രവാസികൾക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. ഞായറാഴ്ച രാത്രി ജിദ്ദയില്‍ ഇന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട സ്പൈസ് ജെറ്റ് സര്‍വീസ് ആണ് ഏറ്റവും ഒടുവിൽ മുടങ്ങിയത്. സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ എവിയേഷന്റെ ലാന്റിങ് അനുമതി ലഭിക്കാത്തതിനാലാണ് സര്‍വീസ് മുടങ്ങിയത്. വിമാനത്തിനു ലാന്റിംഗ് പെര്‍മിഷന്‍ ലഭിക്കാത്തതിനാല്‍ ജിദ്ദയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. ഇതോടെ ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് തിരിക്കേണ്ട യാത്രക്കാരുടെ യാത്ര അനിശ്ചിതത്വത്തിലായി മുടങ്ങുകയായിരുന്നു.

തിങ്കളാഴ്ച ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തേണ്ട സഊദി എയര്‍ലൈന്‍സും മുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതാണ് സഊദിയ സര്‍വീസ് മുടങ്ങാന്‍ കാരണം. വിമാന സർവ്വീസുകൾ തുടർച്ചയായി മുടങ്ങിയതോടെ വോട്ടെടുപ്പിന് നാട്ടിലെത്താന്‍ ഉദ്ദേശിച്ച നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. മാത്രമല്ല, ജിദ്ദ കൊച്ചി വിമാനം മുടങ്ങുന്നതോടെ ഈ വിമാനത്തില്‍ മടക്കത്തില്‍ കൊച്ചിയില്‍ നിന്നും സഊദിയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യാത്രയും മുടങ്ങും.

കഴിഞ്ഞ മാസം 26 നും സമാനമായി ജിദ്ദയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ ലൈന്‍സിന്റെ കൊച്ചി വിമാനത്തിന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം മുടങ്ങിയിരുന്നു. അന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ജി.സി.എ പൊടുന്നനെ അനുമതി നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങൾക് കാരണമായിരുന്നു. സഊദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഭ്യന്തര വിമാന യാത്ര ചെയ്തും പല ഭാഗങ്ങളില്‍ നിന്നും മണിക്കൂറുകളോളം റോഡ് മാര്‍ഗ്ഗം യാത്ര ചെയ്തും വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇവർക്ക് അയ്യായിരം രൂപയോളം മുടക്കി നടത്തിയ കൊവിഡ് ടെസ്റ്റും നഷ്ടമായിരുന്നു.

പിന്നീട്, വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിപക്ഷം പേരെയും പിന്നീട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മറ്റു വിമാനങ്ങളില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

കൂടുതൽ സഊദി, ഗൾഫ് വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക

https://chat.whatsapp.com/Ex3rtEUKlYTFaUn97JJlUW

Most Popular

error: