Saturday, 27 July - 2024

ഇസ്‌റാഈലുമായി ബന്ധമുണ്ടാക്കുന്നത് മേഖലക്ക് നേട്ടമാകും, സമാധാന കരാർ യാഥാർഥ്യമാകണം; സഊദി വിദേശ കാര്യ മന്ത്രി

റിയാദ്: സഊദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് മേഖലക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. എന്നാൽ ഇസ്‌റാഈലുമായി സഊദി അറേബ്യ ബന്ധം സ്ഥാപിക്കണമെങ്കിൽ ഫലസ്‌തീൻ-ഇസ്‌റാഈൽ സമാധാന കരാർ യാഥാർഥ്യമാകണമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. സിഎന്‍എന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകായായിരുന്നു സഊദി വിദേശകാര്യമന്ത്രി.

കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ അബ്രഹാം സമാധാന കരാറിലൂടെ യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. സൗദി ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഈ പാത പിന്തുടരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സൗദി വിദേശകാര്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ 2002ല്‍ തന്നെ സഊദി അറേബ്യ മുന്നോട്ടു വെച്ചിട്ടുണ്ട്. 1967നു മുമ്പുള്ള പ്രദേശങ്ങളിലേക്ക് ഇസ്‌റാഈൽ പിന്‍വാങ്ങുക, ഫലസ്തീന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരാനുള്ള അവകാശം അംഗീകരിക്കുക, കിഴക്കന്‍ ജറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക തുടങ്ങിയ 10 ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ വ്യവസ്ഥകള്‍ അംഗീകരിക്കപ്പെടുന്ന പക്ഷം പരസ്പരം സഹകരണത്തിലൂടെ ഗള്‍ഫ് മേഖലയ്ക്ക് കൂടുതല്‍ സുരക്ഷിതത്വവും പുരോഗതിയും കൈവരിക്കാനാവുമെന്നും സഊദി വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.

Most Popular

error: