ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിനു കീഴിലെ സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗങ്ങളായി നഴ്സുമാരുടെ പ്രതിനിധികളെ നിയോഗിച്ചു. ഒ പി എം ഷമീം നരിക്കുനി, മുഹമ്മദ് സലീം, മഞ്ജു മേലാറ്റൂർ എന്നിവരെയാണ് നിയമിച്ചത്. ജിദ്ദ കോൺസുലേറ്റിന്റെ അധികാരപരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രധിനിധികളായാണ് മൂവരും ചുമതല ഏറ്റെടുത്തത്. ഏകദേശം അമ്പതിനായിരത്തിലധികം അധികം നഴ്സുമാർ സഊദിയിൽ ജോലി നോക്കുന്നുണ്ട്.
ജിദ്ദ, മക്ക, ത്വായിഫ്, മദീന, യാമ്പു, അബഹ/ഖമീസ് മുശൈത്, അൽബാഹ, ജിസാൻ, നജ്‌റാൻ, തബുക്, ബിഷ, ഖുൻഫുദ എന്നിടങ്ങളിലെ ഇന്ത്യക്കാരായ നഴ്സുമാരുടെ സേവങ്ങൾക്കാണ് ഇന്ത്യൻ കോൺസുലേറ്റ് മൂവരെയും നിയമിച്ചത്. നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഇന്ത്യൻ എംബസി റിയാദ്, ഇന്ത്യൻ കോൺസുലേറ്റ് ജിദ്ദ എന്നിവയുമായി സഹകരിച്ച കാലതാമസം കൂടാതെ പരിഹാരത്തിനായി പരമാവധി ശ്രമിക്കുമെന്ന് മൂവരും പ്രതികരിച്ചു.
മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ കാർഡിയാക് സർജറി കാർഡിയാക് സെന്റർ എന്നിവയുടെ കോ-ഓർഡിനേറ്റർ ആയി ജോലി ചെയുന്ന ഒ പി എം ഷമീം യുനൈറ്റഡ് നഴ്സസ് ആസോസിയേഷൻ (യു എൻ എ) യുടെ മക്ക കോ-ഓർഡിനേറ്റർ, കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളി കൂട്ടായ്മ ട്രഷറർ, കാരുക്കുളങ്ങര പ്രവാസി കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറി, പ്ളീസ് ഇന്ത്യ ഗ്ലോബൽ മെഡിക്കൽ വിങ് ചെയർമാൻ, കൈരളി ഫൌണ്ടേഷൻ ഫോർ സോഷ്യൽ ഹാർമണി മക്ക ചാപ്റ്റർ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിക്കുന്നു. കൊവിഡ് സേവന വീഥിയിൽ നിസ്തുല സംഭാവനകളർപ്പിച്ച ആരോഗ്യ പ്രവർത്തകർക്കായി ന്യൂസ് ടുഡേ ചാനൽ സൗദി അറേബ്യ ഏർപ്പെടുത്തിയ “ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡും കരസ്ഥമാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ്.
മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് സലീം മായിൻകാനകത്ത് യു എൻ എ സഊദി കോഡിനേറ്റർ ആണ്. കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ നഴ്സിംഗ് ക്വാളിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മഞ്ജു ജിദ്ദയിലെ യു എൻ എ കോ-ഓർഡിനേറ്റർ, പ്ളീസ് ഇന്ത്യ ഗ്ലോബൽ നഴ്സസ് വിങ് ജിദ്ദ കോ-ഓർഡിനേറ്റർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു. മലപ്പുറം ജില്ലയിലെ മേലാറ്റൂർ ആണ് സ്വദേശം.
കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, ഐ.എഫ്.എസ് ഡോ: മുഹമ്മദ് അലീം (കോൺസൽ കമ്മ്യൂണിറ്റി വെൽഫെയർ), സച്ചിതാനന്ദ നാഥ് ഠാകൂർ (വൈസ് കോൺസൽ -ലേബർ)
എന്നിവരുമായി പ്രതിനിധി സംഘം ചർച്ച നടത്തി. സഊദിയിലെ പ്രവാസി നഴ്സിംഗ് സമൂഹത്തിന് കോൺസുലേറ്റിൻ്റെ എല്ലാ വിധ പിന്തുണയും ചർച്ചയിൽ ഉറപ്പ് വരുത്തി.
സഊദി അറേബ്യയിലെ പ്രവാസി നഴ്സിംങ്ങ് സമൂഹത്തോടുള്ള ഊഷ്മള സഹകരണത്തിന് പ്ളീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ലത്തീഫ് തെച്ചി, യു എൻ എ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻഷാ, കോൺസുലേറ്റ് ഉദ്യോഗസ്‌ഥർ എന്നിവർക്ക് സംഘം നന്ദി രേഖപ്പെടുത്തി.