Thursday, 12 September - 2024

സഊദി വത്കരണം ഉറപ്പ് വരുത്താൻ സിസിടിവി പരിശോധനക്കും അനുമതി

റിയാദ്: രാജ്യത്ത് വ്യാപാര സ്ഥാപനങ്ങളിലെ സഊദിവൽക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർക്കാണ് ഇതിനുള്ള അനുമതി നൽകിയത്. വ്യാപാര സ്ഥാപനങ്ങളിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്ന സമയത്ത് താൽക്കാലികമായി സഊദി ജീവനക്കാരൻ സ്ഥലത്തില്ല എന്ന വാദങ്ങൾ ഉയരുന്നതിനെ തുടർന്നാണ് തൊഴിലുടമയുടെ വാദങ്ങൾ ശരിയാണോ എന്നറിയാൻ വേണമെങ്കിൽ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കാൻ നിർദേശം നൽകിയത്.

നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നൽകുന്ന, പരിശോധനകൾക്കായുള്ള തൊഴിൽ നിയമത്തിലെ 198-ാം വകുപ്പ് പ്രകാരമാണ് ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർക്ക് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് മന്ത്രാലയം സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥനെ സ്ഥാപനം അനുവദിക്കാത്ത സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥന്റെ കണക്കുകൂട്ടലുകൾക്കും പരിശോധനക്കിടെ കണ്ടെത്തിയ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ നിയമ ലംഘനം രേഖപ്പെടുത്താവുന്നതാണെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി.

Most Popular

error: