റിയാദ്: രാജ്യത്ത് സ്വദേശികൾക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിൽരഹിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. മൊത്തം സഊദികളുടെ തൊഴിലില്ലായ്മാ നിരക്ക് (15 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും) 2020 നാലാം പാദത്തിൽ 12.6 ശതമാനമായാണ് കുറഞ്ഞത്. അതേ വർഷം മൂന്നാം പാദത്തിൽ ഇത് 14.9 ശതമാനമായിരുന്നു.
സഊദി പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 2020 നാലാം പാദത്തിൽ 7.1 ശതമാനത്തിലേക്ക് താഴ്ന്നു. അതേ വർഷം മൂന്നാം പാദത്തിൽ ഇത് 7.9 ശതമാനമായിരുന്നു. സ്വദേശി സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 24.4 ശതമാനം രേഖപ്പെടുത്തി. 30.2 ശതമാനത്തിൽ നിന്നാണ് ഇത്രയും മെച്ചപ്പെട്ട നിലയിലേക്ക് താഴ്ന്നത്. അതേസമയം, 15 വയസും അതിൽ മുകളിലുമുള്ള സ്വദേശ പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിൽ പങ്കാളിത്ത നിരക്ക് 2020 നാലാം പാദത്തിൽ 51.2 ശതമാനത്തിലെത്തി. മുൻ പാദത്തിലെ 49.0 ശതമാനത്തിൽ നിന്നാണ് ഈ വളർച്ച. സ്വദേശ പുരുഷന്മാരുടെ പങ്കാളിത്തം 66 ശതമാനത്തിൽ നിന്ന് 68.5 ശതമാനമായും വനിതകളുടെ പങ്കാളിത്തം 31.3 ശതമാനത്തിൽ നിന്ന് 33.2 ശതമാനമായും ഉയർന്നിട്ടുണ്ട്.
അതേസമയം, രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെ മൊത്തം ജനസംഖ്യയുടെ തൊഴിലില്ലായ്മാ നിരക്ക് 2020 നാലാം പാദത്തിൽ 7.4 ശതമാനമായി കുറഞ്ഞു. അതേ വർഷം മൂന്നാം പാദത്തിൽ ഇത് 8.5 ശതമാനമായിരുന്നു.