റിയാദ്: രാജ്യത്ത് വിവിധ മേഖലകളിൽ സഊദി വത്കരണ പദ്ധതികൾ വ്യാപകമാക്കാൻ സഊദി തൊഴിൽ മന്ത്രാലയം ശക്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി തുറമുഖ മേഖലയിൽ സ്വദേശി വത്കരണം പ്രഖ്യാപിച്ചു. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ തുറമുഖ അതോറിറ്റി (മവാനി) യാണ് സ്വദേശി വത്കരണം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമെന്നോണം ദമാം തുറമുഖത്ത് തൊഴിലിലേർപ്പെട്ട കമ്പനികളിൽ സ്വദേശി വത്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദമാം തുറമുഖത്ത് ഓപ്പറേഷൻ നടത്തുന്ന സഊദി ഇന്റർനാഷണൽ പോർട്ട് കമ്പനി, സമിൽ മാരിടൈം സർവീസസ് കമ്പനി, സഊദി കമ്പനി ഫോർ ഡവലപ്മെന്റ് ആൻഡ് എക്സ്പോർട്ട് സർവ്വീസസ് കമ്പനി എന്നിവിടങ്ങളിലാണ് സഊദി വത്കരണം നടപ്പിലാക്കുക. വിവിധ മേഖലകളിൽ 39 തൊഴിൽ മേഖലകളായി ഏകദേശം 900 തൊഴിലുകളാണ് ലക്ഷ്യമിടുന്നത്. സ്വദേശികൾക്ക് തൊഴിൽ പരിശീലനത്തിനായി പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സമ്പൂർണ സ്വദേശി വത്കരണം പ്രഖ്യാപിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹി വെളിപ്പെടുത്തി. നാഷണൽ റിയൽ എസ്റ്റേറ്റ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ പഠനം നടക്കുകയാണെന്നും ഫലം ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.