ദമാം: ആസന്നമായ കേരള പൊതു തെരഞ്ഞെടുപ്പില്‍ പ്രവാസി വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ജനവിധി നടപ്പാക്കാന്‍ പ്രവാസി സമൂഹത്തിന്‍റെ കരുതലോടെയുള്ള ജനാധിപത്യ പോരാട്ടം ഉണ്ടാകണമെന്ന് കിഴക്കന്‍ പ്രവിശ്യാ കെ.എം സി സി തെരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ സാംസ്കാരിക അടിസ്ഥാന സൗകര്യ വികസനത്തിനു
എന്നും മുൻഗണന നല്‍കിയ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി നൂറ്റി നാല്പത് നിയമ സഭാ മണ്ഡലങ്ങളിലും മലപ്പുറം പാർലമെന്റ് മണ്ഡലത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു പ്രവര്ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വര്‍ഗീയത വ്യാപിപ്പിച്ചും ഇന്ധന വില വര്‍ധിപ്പിച്ചും രാജ്യത്തെ ജനങ്ങളെ പിഴിയുന്ന ആര്‍ എസ് എസ്, ബിജെപി അജണ്ടക്കും അഴിമതിയും സ്വജനപക്ഷപാതവും പ്രവാസി വിരുദ്ധ, യുവജന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടത് സര്‍ക്കാരിനെതിരായ ജനാധിപത്യ വിശ്വാസികളുടെ വിജയമാകും ഈ തിരഞ്ഞെടുപ്പെന്നു കണ്‍വെന്ഷനില്‍ സംസാരിച്ച ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളായ എം പി അബ്ദു സമദ് സമദാനി, കെ.പി എ മജീദ്, എ.കെ എം അഷ്‌റഫ്, പി കെ ഫിറോസ്, ബാലകൃഷണ പെരിയ, ടി വി ഇബ്രാഹിം, എന്‍ എ നെല്ലിക്കുന്ന്, സി വി സുരേഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
പ്രവിശ്യാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച കണ്‍വെന്ഷന്‍ സഊദി കെ എം സി സി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഖാദര്‍ ചെങ്കള, യു എ റഹീം, എസ് ഐ സി സഊദി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ഖാദി മുഹമ്മദ്, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം മുഷ്താഖ് പേങ്ങാട്, അഷ്‌റഫ് ഗസാല്‍, സിദ്ധീഖ് പാണ്ടികശാല എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ നന്ദിയും പറഞ്ഞു.