ജിദ്ദ: പ്രശസ്ത ഗാന രചയിതാവും കവിയുമായ ഉസ്മാൻ എടത്തിലിനെ കൊടുവള്ളി മണ്ഡലം കെഎംസിസി ആദരിച്ചു. നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽ നിന്നും യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. എം കെ മുനീറിന്റെ വിജയത്തിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ വെച്ചാണ് കൊടുവള്ളി മണ്ഡലം കെഎംസിസി പ്രവർത്തകർ ഷാൾ അണിയിച്ചു ആദരിച്ചത്. ഹനീഫ മുടിക്കോട് സംഗീത സംവിധാനം നിർവഹിച്ചു നസീബ് നിലമ്പൂർ ആലപിച്ച പ്രസ്തുത മനോഹര ഗാനം രചിച്ചത് ഉസ്മാൻ എടത്തിലാണ്. ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ കോവിഡ് ആരംഭിച്ച സമയത്ത് ലോക്ഡൗൺ കാരണം ബുദ്ധിമുട്ടിയ പ്രവാസികൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ കാരുണ്യ ഹസ്തം പരിപാടിയെപ്പറ്റി ഉസ്മാൻ എടത്തിൽ എഴുതിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ചടങ്ങിൽ കൊടുവള്ളി മണ്ഡലം കെഎംസിസി പ്രസിഡന്റ് ഒ.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര, കോഴിക്കോട് ജില്ല കെഎംസിസി പ്രസിഡന്റ് അബ്ദുല്ലത്തീഫ് കാളന്തിരി തുടങ്ങിയർ പ്രസംഗിച്ചു. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആരാമ്പ്രം സ്വാഗതം പറഞ്ഞു.
കെഎംസിസിയുടെയും എസ് ഐ സി യുടെയും സജീവ പ്രവർത്തകനായ ഉസ്മാൻ എടത്തിലിന്റെ തൂലികയിൽ നിരവധി ഭക്തി ഗാനങ്ങളും സംഘടനാ ഗാനങ്ങളും പിറവിയെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് സ്വദേശിയായ ഉസ്മാൻ എടത്തിൽ നിലവിൽ കൊടുവള്ളി മണ്ഡലം കെഎംസിസി ചെയർമാൻ ആണ്.