റിയാദ്: സഊദിയിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം തൊഴിൽ മാറുന്നതിനുള്ള നിബന്ധനകൾ അധികൃതർ അറിയിച്ചു. സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളികൾക്ക് കഫാല മാറാമെങ്കിലും ഏതാനും വ്യവസ്ഥകളും നിബന്ധനകളും ഇതിന് പാലിക്കേണ്ടതുണ്ട്. നിലവിൽ വീട്ടുജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റുക സാധ്യമല്ല. മറ്റു തൊഴിൽ മേഖലകളിലാണ് തൊഴിൽ മാറ്റം സാധ്യമാകുക. ഖ്വിവ പോർട്ടൽ വഴിയാണ് തൊഴിൽ ഓഫർ നൽകേണ്ടത്. ഇതിലൂടെ വരുന്ന തൊഴിൽ ഓഫർ സ്വീകരിക്കാനോ നിരസിക്കാനോ തൊഴിലാളിക്ക് അവസരമുണ്ടാകും.
തൊഴിലാളി പാലിക്കേണ്ട നിബന്ധനകൾ
തൊഴിലാളിയുടെ ഇഖാമ തൊഴിൽ നിയമത്തിന് അനുയോജ്യമായ പ്രൊഫഷനിലുള്ളത് ആയിരിക്കണം. സഊദി അറേബ്യയിൽ എത്തിയതിനുശേഷം ഒരു തൊഴിലുടമയുടെ കീഴിൽ 12 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിലവില്‍ ജോലി ചെയ്യുന്നവരായിരിക്കണം.
ഹുറൂബിലാകാന്‍ പാടില്ല.
സ്പോൺസർഷിപ്പ് മാറ്റുന്നതിന് വേറെ അപേക്ഷ നല്‍കിയവരായിരിക്കരുത്. തൊഴില്‍ കരാർ വ്യവസ്ഥകളില്‍
മാറ്റം ഉണ്ടെങ്കിൽ, മുൻകൂർ അറിയിപ്പ് നൽകിയിരിക്കണം.
അതേസമയം, തൊഴിൽ കരാർ ഇല്ലാത്തവർക്കും സഊദി അറേബ്യയിൽ പ്രവേശിച്ച് 90 ദിവസത്തിനകം വർക്ക് പെർമിറ്റ് ലഭിച്ചിട്ടില്ലാത്തവർക്കും തുടർച്ചയായി മൂന്ന് മാസത്തേക്ക് ശമ്പളം ലഭിച്ചിട്ടില്ലാത്തവർക്കും വർക്ക് പെർമിറ്റും ഇഖാമയും പുതുക്കാതെയും കാലവാധി അവസാനിച്ചവർക്കും
വ്യവസ്ഥക കൂടാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാനാകും. തൊഴിലുടമയ്ക്കും തൊഴിലാളിക്കും സൗദി സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ഓൺലൈൻ ഖ്വിവ പോർട്ടലിൽ അക്കൗണ്ട് ഉണ്ടായിരിക്കുന്നതോടൊപ്പം ക്വിവയില്‍ തൊഴിൽ ഓഫർ ലെറ്ററും നല്‍കിയിരിക്കണം.
തൊഴിലാളിയെ സ്വീകരിക്കുന്ന സ്ഥാപനം പാലിക്കേണ്ട കാര്യങ്ങൾ
സാധുവായ വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. മൂന്ന് മാസമായി വേതന, സംരക്ഷണ ആവശ്യകതകൾ കുറഞ്ഞത് 80 ശതമാനം പാലിച്ചിരിക്കണം. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും രേഖാമൂലമുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം. സ്വയം വിലയിരുത്തൽ പ്രോഗ്രാമില്‍ കുറഞ്ഞത് 80 ശതമാനം പ്രതിജ്ഞാബദ്ധരായിരിക്കുകയും ആഭ്യന്തര നിയന്ത്രണ ചട്ടങ്ങള്‍ക്ക് അംഗീകാരം നേടിയിരിക്കകയും വേണം.
പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇