റിയാദ്: രാജ്യത്ത് ടൂറിസം മേഖലയിൽ തൊഴിലാളികൾക്ക് വാക്സിൻ നിർബന്ധമാക്കി. ടൂറിസം മന്ത്രാലയമാണ് ഇതിന് ഉത്തരവ് നൽകിയത്. ശവ്വാൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ടൂറിസ്റ്റ് താമസ സൗകര്യ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്കാണ് ഇത് നിർബന്ധമാക്കിയത്. വാക്സിൻ സ്വീകരിക്കുകയോ ഓരോ ഏഴ് ദിവസത്തിലും നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയോ വേണമെന്നാണ് നിബന്ധന. ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം ഹോട്ടൽ, ബാർബർ ഷോപ്പുകൾ തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കിയിരുന്നു. കായിക മന്ത്രാലയവും മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രാലയവുമാണ് ഇത് പ്രഖ്യാപിച്ചത്. ശവ്വാൽ ഒന്ന് മുതൽ ഹോട്ടൽ, ഭക്ഷ്യവിൽപന കടകൾ, ബാർബർഷാപ്പുകൾ, ബ്യൂട്ടി പാർലർ, ജിംനേഷ്യം അടക്കമുള്ള കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ കൊവിഡ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്നാണ് നിർദേശം.
പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർക്ക് കൊവിഡ് വാക്സിൻ ശവ്വാൽ ഒന്ന് മുതൽ നിർബന്ധമാക്കി കൊണ്ടുള്ള പ്രഖ്യാപനം ചൊവ്വാഴ്ച പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കായിക മന്ത്രാലയവും മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രാലയവും ജോലിക്കാർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത്.
പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇