മസ്കത്ത്: ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ നിയമത്തിൽ മാറ്റം വരുത്തിയതായി അധികൃർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒമാനിൽ എത്തുന്നവർ ഇനി മുതൽ പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. മാർച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതൽ ഇത് നിർബന്ധമാകും. യാത്രക്കാരുടെ കൈവശം സഹാല പ്ലാറ്റ്ഫോം വഴിയുള്ള ഹോട്ടൽ ബുക്കിങ് ഉറപ്പാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്ട്മെൻറുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള https://covid19.emushrif.om വെബ്സൈറ്റിന്റെ ഭാഗമായിട്ടാണ് സഹാല പ്ലാറ്റ്ഫോമും സംവിധാനിച്ചിട്ടുള്ളത്.
ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്മെൻറുകളിലുമാണ് ബുക്കിങ് സാധ്യമാവുക. വിവിധ പ്രതിദിന നിരക്കുകൾ നൽകിയിട്ടുള്ളതിനാൽ ഓരോന്ന് തെരഞ്ഞെടുക്കുമ്പോഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും. തുടർന്ന് ഇതിൽ അനുയോജ്യമായത് തെരഞ്ഞെടുത്ത ശേഷം തുക ഓൺലൈനിൽ തന്നെ അടക്കണം. തുടർന്ന് ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്ട്രേഷൻ ഫോം പ്രിൻറൗട്ട് കയ്യിൽ കരുതണം. ഇതാണ് ഇപ്പോൾ നിർബന്ധമാക്കിയ നിയണം. എന്നാൽ, മറ്റ് നിയമങ്ങളിലൊന്നും തന്നെ മാറ്റമില്ല.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇