Saturday, 27 July - 2024

യമനിൽ സമാധാന പ്രതീക്ഷ; പ്രതിസന്ധി അവസാനിപ്പിക്കാൻ സമാധാന പദ്ധതി പ്രഖ്യാപിച്ച് സഊദി

റിയാദ്: വർഷങ്ങളായി നടക്കുന്ന യുദ്ധം കൊണ്ട് ദുരിതം കൊടുമ്പിരികൊള്ളുന്ന യമനിൽ പുതിയ സമാധാന നീക്കവുമായി സഊദി അറേബ്യ. സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. സന്‍ആ എയര്‍പോര്‍ട്ട് വീണ്ടും തുറക്കാനും അല്‍ഹുദൈദ തുറമുഖത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും അനുവദിക്കുന്ന പുതിയ പദ്ധതി യമനിൽ സമാധാനം തിരിച്ചു കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൻആ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക അന്തർ ദേശീയ വിമാന സർവ്വീസ് ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ ഉൾകൊള്ളുന്ന സമാധാന പദ്ധതിയാണ് സഊദി വിദേശ കാര്യ മന്ത്രി പ്രഖ്യാപിച്ചത്.

യു.എന്‍ നിരീക്ഷണത്തില്‍ സമഗ്ര വെടിനിര്‍ത്തല്‍, അല്‍ഹുദൈദ തുറമുഖത്തു നിന്നുള്ള നികുതികളും കസ്റ്റംസ് വരുമാനവും സ്റ്റോക്ക്‌ഹോം കരാര്‍ പ്രകാരം യെമന്‍ സെന്‍ട്രല്‍ ബാങ്ക് സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കല്‍, യു.എന്‍ 2216-ാം നമ്പര്‍ പ്രമേയത്തിനും ഗള്‍ഫ് സമാധാന പദ്ധതിക്കും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്കും അനുസൃതമായി സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാന്‍ വ്യത്യസ്ത യെമന്‍ കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിക്കല്‍ എന്നിവയും സഊദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ യമൻ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ പരിഹാര ചർച്ചകൾ ആരംഭിക്കുമെന്നും ഹൂതികൾ സമാധാന പദ്ധതി സമ്മതിച്ചു കഴിഞ്ഞാൽ വെടിനിർത്തൽ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യൂ.എന്നിന്റെ ആഭ്യമുഖ്യത്തിൽ യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സമാധാന പദ്ധതിയെന്ന് കരടിൽ സഊദി അറേബ്യ വ്യക്തമാക്കി. സഊദി നീക്കം ആറു വർഷമായി യുദ്ധം തുടരുന്ന യമനിൽ സമാധാനം കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൾഫ് ന്യൂസ്‌ വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇

https://chat.whatsapp.com/LjFwNhcipzv6Jf9YM5xpxK

Most Popular

error: