Thursday, 12 September - 2024

പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ അവിശുദ്ധ സഖ്യം : ഡോ: ടി എന്‍ സീമ

ജിദ്ദ: പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ അവിശുദ്ധ കോലീബി സഖ്യത്തിന് വലിയ ശ്രമങ്ങള്‍ നടക്കുന്നതായി മുന്‍ രാജ്യസഭ അംഗം ഡോ: ടി എന്‍ സീമ പറഞ്ഞു. പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച വടക്കന്‍ കേരള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ: ടി എന്‍ സീമ.  കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ച മുന്‍കാല അനുഭവം ധാരാളം ഉണ്ടായിട്ടുണ്ട്.

1991ലെതിരഞ്ഞെടുപ്പില്‍ഇടതുപക്ഷമുന്നണി വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ്-ബിജെപി-മുസ്‌ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്. പിന്നീട് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി. അത് ഇപ്പോഴും തുടരുന്ന അവസ്ഥയാണ്. അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്, എസ്ഡിപിഐ അടക്കമുള്ളവരുമായി കൂടിച്ചേര്‍ന്നു മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ആവഴിയും ജയിക്കില്ല എന്ന് മനസ്സിലാക്കികൊണ്ടാണ് സംഘപരിവാറുമായി ചേര്‍ന്ന് അവിശുദ്ധ സഖ്യം കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്. കോ.ലീ.ബി സഖ്യം അക്രമസമരവും അപവാദപ്രചരണം നടത്തുന്നതും ഇതിന്റെ ഭാഗമാണ്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കള്ളപ്രചാരവേല സംഘടിപ്പിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈവരിച്ച വികസന നേട്ടങ്ങളെ മറച്ചു വെയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേരളീയ സമൂഹം ഒന്നാകെ മുന്നോട്ടുവരണം എന്നും ഡോ: ടി എന്‍ സീമ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗവണ്‍മെന്റിനും എല്‍ഡിഎഫിനും എതിരായി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച്‌ പുകമറ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ബിജെപി തന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിയും. എല്‍ഡിഎഫ് ഗവണ്‍മെന്റിനെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും കേരളത്തിലെ ജനങ്ങള്‍ചെറുത്ത് പരാജയപ്പെടുത്തും.

ലോക്ഡൗണിന് മറവില്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ അജണ്ടകള്‍  നടപ്പാക്കാനുള്ള അവസരമായി കണക്കാക്കുന്നുണ്ട് എന്നും ഡോ സീമ പറഞ്ഞു. . രാജ്യമിപ്പോള്‍ ഒരു വലിയ ആരോഗ്യ അടിയന്തിരാവസ്ഥയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലൂടെ ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥയുടെ സാഹചര്യങ്ങളെ രൂപപ്പെടുത്തി തങ്ങളുടെ അജണ്ടള്‍ നടപ്പിലാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ശ്രമിക്കുന്നത്. സര്‍ക്കാറിന്‍റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനോ തെരുവിലിറങ്ങാനോ സമരം ചെയ്യാനോ ജനങ്ങള്‍ക്ക് സാധ്യമല്ലാത്ത ഒരു സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുകയാണ് കേന്ദ്രം.  സമീപകാലത്ത് കേന്ദ്രസര്‍ക്കാറിന് രാഷ്ട്രീയപരമായി വലിയ പരിക്കുകള്‍ സമ്മാനിച്ച പൗരത്വഭേദഗതി നിയമ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ഓരോരുത്തരെയായി കേന്ദ്രം ഈ ലോക്ഡൗണില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയിലെ മാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കാനും ഈ ലോക്ഡൗണ്‍ കാലത്ത് കേന്ദ്രസര്‍ക്കാര്‍ വലിയ രീതിയിലുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.  പൌരത്വ പ്രക്ഷോപ കാലത്ത് വടക്കുകിഴക്കന്‍ ദല്‍ഹിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇതില്‍ ചില പ്രത്യേക വിഭാഗത്തില്‍ പെട്ടവരേമാത്രം പ്രതികളാക്കപ്പെട്ട കേസ്സുകളില്‍ മാത്രം കൂട്ടമായ അറസ്റ്റാണ് രാജ്യത്ത് നടന്നത്.

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ സാമ്പത്തിക സഹായത്തിലും വലിയ രീതിയിലുള്ള രാഷ്ട്രീയ പക്ഷപാതിത്വമായിരുന്നു നടത്തിയിരുന്നത്. രാജ്യത്തെ നിരവധി ബിജെപി ഭരണസംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അതാത് സ്ഥലങ്ങളില്‍ നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ രീതിയിലുള്ള ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളാണ് നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയത്. ഇവിടെയെല്ലാം നിലവിലുണ്ടായിരുന്ന എട്ട് മണിക്കൂര്‍ തൊഴില്‍ എന്ന നിയമം പുതിയ ഭേദഗതിയിലൂടെ ഇനി മുതല്‍ 12 മണിക്കൂര്‍ ആയി വര്‍ധിച്ചിരിക്കുകയാണ്.മിനിമം വേതനം, പിരിച്ചുവിടല്‍, ഓവര്‍ ടൈം, തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം തീരുമാനം കമ്പനികളുടെത് മാത്രമായിരിക്കും. തൊഴിലാളി ദ്രോഹ നിയമങ്ങള്‍ക്ക് എതിരെ കോടതിയെ സമീപിക്കാന്‍ പോലും കഴിയാത്തതരത്തിലാണ് നിയമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവിതത്തെ താറുമാറാക്കിയ  ലോക്ഡൗണിനെ എങ്ങിനെയാണ്‌ നേരിടുക എന്ന ആശങ്കപ്പെടുത്തുന്ന കാലത്ത് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ  വില്‍പന പ്രഖ്യാപനം വന്നത്. കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം, വിമാനത്താവളങ്ങള്‍, വൈദ്യുതി വിതരണം, ബഹിരാകാശ ഗവേഷണം, ആണവോര്‍ജം, ആരോഗ്യ പരിരക്ഷ, എന്നീ മേഖലകളില്‍ സ്വകാര്യവത്കരണം നടപ്പാക്കാന്‍ പോവുകയാണെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം,പ്രസിഡണ്ട്  കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, അനസ്സ് ബാവ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ റഫീഖ് പത്തനാപുരം അധ്യക്ഷത വഹിച്ചു. ഗോപി മന്ത്രവാദി സ്വാഗതവും  ജിജോ നന്ദിയും പറഞ്ഞു.

Most Popular

error: