റിയാദ്: സഊദിയിലെ പ്രമുഖ ഷോപ്പിംഗ് സ്ഥാപനമായ ലുലുവും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കായുള്ള സഊദി അറേബ്യയുടെ ഫിനാൻഷ്യൽ സിസ്റ്റം സൊല്യൂഷൻ പ്രൊവൈഡറായ ‘മനാഫിത്തും’ സംയുക്തമായി ഷോപ്പിംഗ് സൗകര്യമൊരുക്കുന്നു. രാജ്യത്തെ 2,10,000 മനാഫിത്ത് കാർഡ് ഉടമസ്ഥരായ കുടുംബങ്ങൾക്ക് ലുലു സ്റ്റോറുകളിലുടനീളം അവരുടെ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുവാനും ഇടപാടുകൾ നടത്തുവാനും കഴിയുന്ന പദ്ധതിയാണ് ലുലു ഒരുക്കുന്നത്. ഇത് സംബന്ധിച്ച് ലുലു സഊദി ഹൈപ്പർ മാർക്കറ്റുകളുടെ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബഷർ അൽ ബെഷർ, മനാഫിത്ത് സൗദിയ സി.ഇ.ഒ മജീദ് അൽ ഫജാർ എന്നിവർ ലുലു ഡയറക്ടർ ഷെഹിം മുഹമ്മദിന്റെ സാന്നിധ്യത്തിൽ ഇത് സംബന്ധിച്ച് കരാറിൽ ഒപ്പിട്ടു.
സഊദി അറേബ്യയിലുടനീളം ഉയർന്ന നിലവാരമുള്ള ലുലു ഗ്രൂപ്പുമായി നടത്തുന്ന ഈ സഹകരണം, ഞങ്ങളുടെ ഓർഗനൈസേഷന് അഭിമാനകരമായ നിമിഷമാണെന്നും ഇത് സാധ്യമാക്കുന്നതിനുള്ള ലുലുവിന്റെ മഹത്തായ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ഞങ്ങളുടെ സാങ്കേതിക പരിഹാരങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയും ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും മനാഫിത്ത് സഊദിയ സി.ഇ.ഒ മജീദ് അൽ ഫജാർ പറഞ്ഞു. കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് താങ്ങാവുന്ന വിലയിൽ ഉയർന്ന നിലവാരമുള്ള സാധനങ്ങൾ നല്കാൻ കഴിയുന്നത് സന്തോഷകരമാണെന്ന് ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും പ്രവർത്തിക്കുന്ന 203 സ്റ്റോറുകളിൽ വിശാലമായ ഉൽപ്പന്ന ശ്രേണിക്ക് പേരുകേട്ടതിനു പുറമേ, സാമൂഹ്യ സംരംഭങ്ങൾ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രധാന പ്രൊമോട്ടർ കൂടിയാണ് ലുലു ഗ്രൂപ്പ്.