- ആഗോളരുചികളും പാചകലോകത്തെ ട്രെന്‍ഡുകളും ഒരു കുടക്കീഴില്‍
- ഫെസ്റ്റിവല്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11വരെ
റിയാദ്: ലോക രുചികളുടെ യൂണിവേഴ്സ് തുറന്ന് സഊദിയില്‍ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍. പതിനാല് നാള്‍ നീളുന്ന ആഗോള രുചിവൈവിധ്യങ്ങളുടെ മാമാങ്കത്തില്‍ പാചകലോകത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടാനും, ലോക പ്രശസ്ത ഷെഫുമാരുടെ റെസിപ്പികളും ഡിഷുകളും അടുത്തറിയാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒക്ടോബര്‍ 29ന് ആരംഭിയ്ക്കുന്ന വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ നവംബര്‍ 11ന് സമാപിക്കും.
ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് ആവേശത്തുടക്കം പകരാന്‍ താരങ്ങളും എത്തുന്നുണ്ട്. റിയാദിലെ ലുലു മുറബ്ബയിൽ ഒക്ടോബർ 30-ന് കല്യാണി പ്രിയദർശനാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുക. ഒക്ടോബർ 31ന് ദമ്മാമിലെയും ജുബൈലിലേയും ലുലു മാളിൽ മിഥുൻ രമേശും ലക്ഷ്മി മേനോനും ഫെസ്റ്റിവൽ വേദിയിൽ അതിഥികളായെത്തും. ലുലു യാർമൂഖില്‍ ലൈവ് കുക്കിംഗ് ചലഞ്ചോടെയാണ് ഫെസ്റ്റിന് തിരിതെളിയുന്നത്.
സഊദിയിലെ പരമ്പരാഗത മര്‍ഗൂഗ് ഡിഷ് പാചകം ചെയ്യാന്‍ പ്രശസ്ത ഇൻഫ്ലുവൻസർ അബ്ദുറഹ്മാൻ അൽഷെഹ്റിയും, തന്റെ സുഹൃത്ത് ക്വൈബും കുക്കിംഗ് ചലഞ്ചിലെത്തും. പ്രമുഖ ഷെഫ് അബ്ദുൽ മാലിക് മത്സരത്തില്‍ ജഡ്ജിയാകും. ജിദ്ദയിലെ ലുലു അമീർ ഫവാസിൽ ഇൻഫ്ലുവൻസറായ ഹദീലും, കിഴക്കൻ മേഖലയിലെ ഫെസ്റ്റിവല്‍ വേദിയിൽ 30-ലധികം ഫുഡ് ബ്ലോഗർമാരും ഇൻഫ്ലുവൻസർമാരും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും. ഒമ്പത് രാജ്യങ്ങളുടെ പ്രത്യേക വിഭവങ്ങളടങ്ങിയ ടെസ്റ്റിംഗ് ടേബിളും കിഴക്കന്‍ മേഖലയിലെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും.
ഇത്തവണയും ലോകത്തെ സഊദിയിലേക്ക് വരവേറ്റ് ലുലു ഒരുക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റ് ഏറെ പുതുമകൾ നിറഞ്ഞതാണെന്ന് ലുലു സഊദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം സാംസ്കാരിക വൈവിധ്യത്തിൻ്റെയും രുചികളുടെയും കൂടി ആഘോഷമാക്കി മാറ്റാനുള്ള ലുലുവിൻ്റെ ഉറച്ച പ്രതിബദ്ധതയാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക പ്രശസ്തമായ ജാപ്പനീസ് പരമ്പരാഗത പാചകരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള അനിമേ ഭക്ഷണ വിഭവങ്ങളായ സുഷി, റാമെന്‍, മോച്ചി തുടങ്ങിയവയാണ് ഫെസ്റ്റിവലിന്‍റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ചീസി പാസ്ത തയ്യാറാക്കല്‍ അടക്കമുള്ള ലൈവ് കിച്ചണ്‍ ഷോകള്‍, നൂഡില്‍സ് കോണ്‍ടസ്റ്റ്, സൗദിയിലെ പരമ്പരാഗത മധുരവിഭവമായ ഖലിയെയേ ആസ്പദമാക്കിയുള്ള സ്വീറ്റ് ചലഞ്ച് അടക്കം സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന നിരവധി പരിപാടികളും ഫെസ്റ്റിലുണ്ട്.
കുട്ടികൾക്കായി സാൻഡ്‌വിച് മേക്കിംഗ് മത്സരം, കുട്ടികളും അമ്മമാരും ചേർന്ന് പങ്കെടുക്കുന്ന കേക്ക് ഐസിംഗ് ചലഞ്ച്, മിസ്റ്ററി ബോക്സ് ചലഞ്ച്, സമോസ ഫോൾഡിംഗ് മത്സരം, കുട്ടികൾക്കായുള്ള ഹെൽത്തി സലാഡ് മേക്കിംഗ് ചലഞ്ച്, ബിരിയാണി കുക്കിംഗ് എന്നിവയടക്കം നിരവധി രസകരമായ ഇന്ററാക്ടീവ് മത്സരങ്ങളും ഫെസ്റ്റിൽ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സഊദി ഇൻഫ്ലുവൻസർ ഷെഫുമാർ തത്സമയ പാചക പ്രകടനങ്ങൾ നടത്താൻ ഫെസ്റ്റിലെ പവലിയനുകളിലെത്തും. ഫെസ്റ്റിലെത്തുന്നവർക്ക് ഇവരുമായി സംവദിക്കാനും അവസരം ലഭിക്കും.
വൈവിധ്യം നിറഞ്ഞ തീമുകള്‍ക്ക് കീഴിലെ രുചികളുടെ പ്രദര്‍ശനമാണ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിലെ മറ്റൊരാകര്‍ഷണം. ടേസ്റ്റ്‌സ് ഓഫ് സഊദി, വേൾഡ് ഫ്ലേവേഴ്‌സ്, പ്രീമിയം മീറ്റ്, ഗോർമേ സ്ലൈസസ്, സുഷി സ്റ്റോപ്പ്, ബ്രൂ മാജിക്, ബ്രൂ യൂർ മൊമെന്റ്, ചെഫ്സ് ടൂള്സ്, സ്മാർട്ട് അപ്ലയൻസസ്, ഒവൻ ഫ്രെഷ് എന്നിങ്ങനെയുള്ള ഫുഡ് തീമുകള്‍ അതുല്യമായ രുചിയനുഭവങ്ങളാണ് സമ്മാനിയ്ക്കുക. ഇതിന് പുറമെ മാറുന്ന കാലത്തെ ആരോഗ്യഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഭക്ഷണരീതികള്‍ അവതരിപ്പിച്ച് സൂപ്പര്‍ ഫുഡ്സ് തീമും ഒരുക്കിയിട്ടുണ്ട്.
വേള്‍ഡ് ഫുഡ് ഫെസ്റ്റിവലില്‍ ഫുഡ് മാജിക്ക് തീര്‍ക്കാന്‍ ഏറ്റവും നീളം കൂടിയ നാച്ചോസ് പ്ലേറ്റുമായി മെക്സിറ്റയും എത്തുന്നുണ്ട്. മൂന്ന് മീറ്റര്‍ നീളമുള്ള നാച്ചോസ് പ്ലേറ്റ് സൗദിയിലെ ഏറ്റവും വലുപ്പമുള്ള നാച്ചോസ് പ്ലേറ്റായിരിക്കും. പ്രമുഖ ഷെഫുമാര്‍ അണിനിരക്കുന്ന ലൈവ് പാചക സെഷനുകളില്‍ പരമ്പരാഗത പ്രാദേശിക ഡിഷുകളായ ഹരീസ്, ജരീഷ്, ഹസാവ് റൈസ് കബ്സ, മഷ്ഖൂള്‍ ഷ്രിംപ് എന്നിവയും തയ്യാറാക്കും. ഫെസ്റ്റിവൽ കാലയളവിൽ എല്ലാ ലുലു സ്റ്റോറുകളും ലോകത്തിന്‍റെ ഫുഡ് ഹബ്ബായി മാറും. സ്റ്റോറുകളിലെല്ലാം ബിരിയാണി ഫെസ്റ്റുകൾ, ബിബിക്യു കോർണറുകൾ, ഹെൽത്തി ഫുഡ് വീക്കുകൾ തുടങ്ങിയവ സജീവമായിരിക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇക്കാലയളവില്‍ ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവും, ഉപഭോക്താക്കള്‍ക്ക് ദിവസേന സമ്മാനങ്ങളും ലഭിക്കും.





