- ഭക്ഷ്യവസ്തുക്കളുടെ വില വ്യത്യാസം 7.7 ശതമാനം വരെ; വിലക്കുറവിൽ മുന്നിൽ ലുലു ഹൈപ്പർമാർക്കറ്റെന്ന് സർവ്വേ
റിയാദ്: സഊദി സൂപ്പർമാർക്കറ്റുകളിലെ സാധനങ്ങളുടെ വില തമ്മിൽ വൻ വ്യത്യാസമെന്ന് അൽ ഇഖ്തിസാദിയ സർവ്വേ. സൂപ്പർമാർക്കറ്റുകളിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില താരതമ്യം ചെയ്ത് അൽ ഇഖ്തിസാദിയയുടെ ഫിനാൻഷ്യൽ അനാലിസിസ് യൂണിറ്റ് 2024 ൽ നടത്തിയ സർവേ വിശദാംശങ്ങളാണ് പുറത്തുവന്നത്.
അരി, പഞ്ചസാര, ചിക്കൻ, വെജിറ്റബിൾ ഓയിൽ, മുട്ട, മാവ്, ചായപ്പൊടി അടക്കമുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് മുൻനിര റീട്ടെയ്ൽ ശ്രംഖലകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വില താരതമ്യം ചെയ്താണ് അൽ ഇഖ്തിസാദിയ സർവ്വേ നടത്തിയത്. സർവ്വേയിൽ ഏറ്റവും കുറവ് വില നിലവാരം പാലിക്കുന്നതിൽ ലുലു ഹൈപ്പർമാർക്കറ്റാണ് മുന്നിൽ. 571 റിയാൽ എന്ന ഏറ്റവും കുറഞ്ഞ മൊത്തം ബാസ്കറ്റ് മൂല്യമാണ് ലുലു ഹൈപ്പർമാർക്കറ്റിലെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. അൽ ദാന്യൂബിലാണ് ഏറ്റവും ഉയർന്ന വിലനിലവാരം. അൽ ദാന്യൂബിലെ ബാസ്കറ്റ് മൂല്യം 615 റിയാലാണ്. രണ്ടിടത്തേയും വിലതാരതമ്യം ചെയ്യുമ്പോൾ 7.7 ശതമാനം വരെയാണ് വില വ്യത്യാസം.
ഇതേ താരതമ്യ സർവ്വേ റിപ്പോർട്ടിൽ ക്യാരിഫോറിൽ 613 റിയാൽ, പാണ്ടയിൽ 604 റിയാൽ, തമീമിയിൽ 601 റിയാൽ, സൗദാനിൽ 593 റിയാൽ, അൽ ഒതൈമിൽ 586 റിയാൽ എന്നിങ്ങനെയാണ് വിലനിലവാരം.
ആഗോള വിപണി മാറ്റങ്ങൾക്കും വില കയറ്റിറക്കങ്ങൾക്കും ഇടയിൽ സ്ഥിരതയുള്ള വിലനയങ്ങൾ പാലിക്കുന്നതാണ് ലുലുവിന് നേട്ടമായതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.





