റിയാദ്: ബഹിരാകാശ മേഖലയിൽ സഹകരണം ഇന്ത്യ സഊദി സഹകരണം ശക്തമാക്കാൻ ധാരണ. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തി. ഈ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സഊദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ ഐ.എസ്.ആർ.ഒയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസ് സെക്രട്ടറി ഡോ. കെ. ശിവനുമായാണ് ചർച്ച നടത്തിയത്. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ബഹിരാകാശ സഹകരണം ആരംഭിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇരു രാജ്യങ്ങളും നേരത്തെ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പ് വെച്ചിരുന്നു.
വെർച്വൽ രീതിയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട മേഖലകളിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ വിശകലനം ചെയ്തു. സഊദി സ്‌പേസ് കമ്മീഷനും ഐ.എസ്.ആർ.ഒയും നേരത്തെ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതോടൊപ്പം ഗവേഷണ-ശാസ്ത്ര മേഖലകളിലെ പങ്കാളിത്തം, പരിശീലനം, ബഹിരാകാശ, സാങ്കേതിക ദൗത്യങ്ങളിലെ സഹകരണം എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു. സഊദി സ്‌പേസ് കമ്മീഷൻ സി.ഇ.ഒ ഡോ. അബ്ദുൽ അസീസ് ആലുശൈഖും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.