റിയാദ്: സ്വദേശി പൗരനെ കൈകാലുകൾ ബന്ധിച്ച് കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ സുഡാൻ പൗരനെ വധശിക്ഷക്ക് വിധേയനാക്കി. സഊദിയിലെ ത്വായിഫിലാണ് കേസ് തെളിഞ്ഞതിനെ തുടർന്ന് വിചാരണക്ക് ശേഷം കോടതി വിധി നടപ്പാക്കിയത്. സഊദി പൗരനായ ഹമ്മദ് ബിൻ മർസൂഖ് ബിൻ സറജ് അൽ സുഫിയാനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഖാലിദ് അൽ അമീൻ മുഹമ്മദ് അഹ്മദ് ത്വാഹ എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. കൊലപാത കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ കുറ്റ സമ്മതം നടത്തിയിരുന്നു. മക്ക പ്രവിശ്യയിലെ ത്വായിഫിൽ വധശിക്ഷ നടപ്പാക്കിയത്.
മറ്റൊരു കേസിൽ തലസ്ഥാന നഗരിയായ റിയാദിലാണ് വധശിക്ഷ നടപ്പാക്കിയത്. സ്വദേശിയായ വാഹിദ് ബിൻ മുഹമ്മദ് ബിൻ അലി ഖുബ്‌റാനിയെ വെടിവെച്ച് കൊലപ്പെടുത്തിയ യാസിർ ബിൻ മുഹമ്മദ് ബിൻ അൽ മജ്‌റാഷിയെയാണ് റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയത്. ഇരു കേസുകളിലും കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും റോയൽ കോർട്ടും അംഗീകരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച്ച റിയാദ്, ത്വായിഫ് എന്നിവിടങ്ങളിൽ ശിക്ഷ നടപ്പാക്കിയത്.