ന്യൂഡൽഹി: ‘പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സ്ഫോടന ശബ്ദങ്ങൾ. കണ്ണകലെ പല കെട്ടിടങ്ങളും കത്തുന്ന പേടിപ്പിക്കുന്ന കാഴ്ചകൾ. കുടുംബത്തെ ബന്ധപ്പെടാൻ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളില്ലാത്ത അവസ്ഥ. അവശ്യവസ്തുക്കളുടെ ക്ഷാമം, അമിതവില’ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിടേണ്ടി വന്ന ഭയപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ചു ജമ്മു കശ്മീർ സ്വദേശിയും ടെഹ്റാൻ ഷഹീദ് ബെഹെഷ്തി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയുമായ അഫ്നാൻ പരേ വിശദീകരിച്ചത് ഇങ്ങനെ.
ടെഹ്റാനിൽ നിന്നു ഇറാനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ക്വോമിൽ എത്തിയ ശേഷമാണു അഫ്നാനുമായി സംസാരിച്ചത്. എത്രയും വേഗം നാടെത്തുക എന്ന ചിന്തയുമായി ഹോട്ടൽ മുറിയിൽ കഴിയുകയാണു നാനൂറോളം വിദ്യാർഥികൾ.
കഴിഞ്ഞ ഏതാനും മാസങ്ങളായി അനിശ്ചിതത്വത്തിലാണു കഴിഞ്ഞതെന്നു അഫ്നാൻ വിശദീകരിക്കുന്നു. ‘കഴിഞ്ഞ ജൂണിൽ ഇസ്രയേൽ ആക്രമിച്ചതു മുതൽ ഇതായിരുന്നു അവസ്ഥ. മിക്ക ദിവസങ്ങളിലും ഇന്റർനെറ്റ് ലഭിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നുള്ള 10 കിലോയുടെ അരി 500–600 രൂപയ്ക്കു കിട്ടിയിരുന്നതു ഡിസംബർ അവസാനം 2300 രൂപയായി. മുട്ട ഉൾപ്പെടെ പലതും ലഭിക്കാൻ പ്രയാസപ്പെട്ടു. ജനുവരിയിലെ പ്രതിഷേധത്തിന്റെ ഘട്ടത്തിൽ ഇന്ത്യയിലേക്കു മടങ്ങാൻ ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. എന്നാൽ പരീക്ഷ വരുനതിനാലാണു തുടരാൻ തീരുമാനിച്ചത്’ അഫ്നാൻ പറഞ്ഞു.
‘28നു ഇസ്രയേൽ–യുഎസ് ആക്രമണം ആരംഭിച്ച ദിവസം മുതൽ ഹോസ്റ്റൽ മുറിയിൽ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞു കൂടുകയായിരുന്നു. പുറത്തിറങ്ങാൻ പേടി. തുടർച്ചയായി സ്ഫോടന ശബ്ദങ്ങളും അപായ സൈറനും. ഹോസ്റ്റൽ മുറിയിൽ നിന്നു ഏതാനും മീറ്ററുകൾ അകലെ വരെ സ്ഫോടനമുണ്ടായി’ എംബസി അധികൃതരെ തുടർച്ചയായി ബന്ധപ്പെട്ടതിനു പിന്നാലെയാണു ക്വോമിലേക്കു മാറ്റാനുള്ള സംവിധാനം ഒരുക്കിയത്. ബസിൽ 3 മണിക്കൂറോളം യാത്ര ചെയ്താണു ക്വോമിലെത്തിയത്. ബസ് യാത്രയിൽ പ്രശ്നമൊന്നുമുണ്ടായില്ല.
ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും പ്രവർത്തിക്കുന്ന റൂബിക്ക(rubika), ബാലെ(bale) എന്നീ ആപ്ലിക്കേഷനുകൾ വഴിയാണു ഇറാനിലുള്ളവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. ഇപ്പോൾ ഇതും ലഭിക്കുന്നില്ല. യുദ്ധം ആരംഭിക്കുന്നതിനു 2 ദിവസം മുൻപ് ഇന്ത്യയിൽ മടങ്ങിയെത്തിയ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർഥിയും ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ കോഓർഡിനേറ്ററുമായ ഫിസാൻ നബി വിശദീകരിച്ചു.





