Saturday, 27 July - 2024

കൊവിഡ് വാക്സിൻ സുരക്ഷിതം; രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സഊദി ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി

റിയാദ്: സഊദിയിൽ വിതരണം ചെയ്യുന്ന കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) വ്യക്തമാക്കി. വാക്സിനുകളുടെ സുരക്ഷ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രാദേശികമായും അന്തർദേശീയമായും ആരോഗ്യ അധികൃതരുമായി ഏകോപിച്ച് പാർശ്വഫലങ്ങൾ, ശാസ്ത്രീയ തെളിവുകൾ, ലഭ്യമായ വിവരങ്ങൾ അടക്കം നിരീക്ഷിക്കുന്നതിലുൾപ്പെടുന്നെന്നും അതോറിറ്റി അറിയിച്ചു.

വാക്സിൻ നിർമാണ കമ്പനികൾ, ആരോഗ്യ മന്ത്രാലയം, അന്താരാഷ്ട്ര നിരീക്ഷണ വിഭാഗങ്ങൾ എന്നിവയുമായി ഇൻറർനാഷണൽ ക്വാളിഷൻ ഓഫ് മെഡിസിൻസ് റെഗുലേറ്ററി അതോറിറ്റികളിലെ (ഐ.സി.എം.ആർ.എ) അംഗത്വത്തിലൂടെയും വാക്സിൻ സുരക്ഷ പിന്തുടരുന്നുണ്ട്. വാക്സിനുകളെക്കുറിച്ചും അവയുടെ പാർശ്വഫലങ്ങളെക്കുറിച്ചും ലഭ്യമായ വിവരങ്ങൾ കൈമാറുന്നതിന് ഇടക്കിടെ യോഗം ചേരുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

വാക്സിനുകളെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭ്യമാണെങ്കിൽ അത് ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കും. അംഗീകൃത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രമേ സ്വീകരിക്കാവൂയെന്നും അതോറിറ്റി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം ഇതുവരെ 23 ലക്ഷത്തിലധിമായതായും അതോറിറ്റി പറഞ്ഞു.

Most Popular

error: