റിയാദ്: വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച പൊടിക്കാറ്റ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായി തുടരുന്നു. പലയിടങ്ങളിലും ജന ജീവിതം തന്നെ ദുസഹമായ അവസ്ഥയാണ്. ചിലയിടങ്ങളിൽ പകൽ സമയത്ത് പോലും ഇരുട്ടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പൊടിക്കാറ്റ്. കാഴ്ച തീരെ മറക്കുന്ന തരത്തിലുള്ള പൊടിക്കാറ്റ് മണിക്കൂറുകൾ കൂടി നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
സാമാന്യം ശക്തമായ പൊടിക്കാറ്റാണ് വീശുന്നത്. ഇന്നലെ വിവിധയിടങ്ങളിൽ ആരംഭിച്ച പൊടിക്കാറ്റ് വെള്ളിയാഴ്ച കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു. പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ കണ്ണിലും മൂക്കിലും മൺപൊടി കടയ്ക്കാതിരിക്കാൻ ശ്രദ്ധ പുലർത്തുന്നുണ്ട്. റോഡുകളിൽ മൺപൊടി പല സ്ഥലത്തും കൂടിക്കിടക്കുകയാണ്. റോഡുകളിൽ മൺപൊടി നിറഞ്ഞ് അപകട സാധ്യത ഉയരുന്നതിനാൽ പലരും യാത്രകൾ തന്നെ മാറ്റിയിട്ടുണ്ട്.
റഫ്ഹ, അറാർ, തുറയ്ഫ് എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നത്. അൽജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, തബുക്കിന്റെ കിഴക്കൻ മേഖല തുടങ്ങിയിടങ്ങളിലാണ് പൊടിക്കാറ്റ് ശക്തിയായി ഉണ്ടാകുകയെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽ ഖസീം മേഖലയിലും കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിലും പൊടിക്കാറ്റ് അടിച്ചു വീശുന്നുണ്ട്.അതേസമയം, രാജ്യത്താകമാനം അന്തരീക്ഷ താപനിലയും വർധിക്കും. മക്കയിൽ ഏറ്റവും ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തും. അബഹ, തുറയ്ഫ് എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ താപനിലയായി 13 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യയായ ദമാമിൽ വെള്ളിയാഴ്ച താപനിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകും.
കാണാം വീഡിയോ