കൊച്ചി: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നു കനത്ത തിരിച്ചടി. കേസ് പിന്‍വലിക്കാനാവില്ലെന്നും പ്രതികള്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും എം.എല്‍.എമാരായ വി ശിവന്‍കുട്ടി, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരും വിചാരണ നേരിടണം. ജസ്റ്റിസ് വിജെ അരുണിന്റെ ബഞ്ചാണ് ഹരജി തള്ളിയത്.
2015 ലെ ബജറ്റ് അവതരണസമയത്താണ് നിയമസഭയില്‍ കൈയാങ്കളിയുണ്ടായത്. ബാര്‍ കോഴക്കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധം നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രം.
രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു. നേരത്തെ വിചാരണ കോടതിയിലും സര്‍ക്കാര്‍ ഹരജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.