Saturday, 27 July - 2024

സഊദിയില്‍ പള്ളികളില്‍ ബോംബ് സ്‌ഫോടനം നടത്താനും സുരക്ഷാ സൈനികരെ വധിക്കാനും ശ്രമിച്ച അഞ്ച് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ

റിയാദ്: സഊദിയില്‍ പള്ളികളില്‍ ബോംബ് സ്‌ഫോടനം നടത്താനും സുരക്ഷാസൈനികരെ വധിക്കാനും ശ്രമിച്ച അഞ്ച് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ചു. ഭീകരാക്രമണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച സ്‌പെഷ്യല്‍ ക്രിമിനില്‍ കോടതിയാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 45 അംഗ ഐ.എസ് ഭീകരസംഘത്തിലെ അംഗങ്ങളെയാണ് വധശിക്ഷക്ക് വിധേയരാക്കുക.

2016 ഏപ്രിലിൽ ദവാദ്മിയിലെ മര്‍കസ് അല്‍അര്‍ജായില്‍ കേണല്‍ കുത്താബ് അല്‍ഹമ്മാദി വധിക്കപ്പെട്ട ഭീകരാക്രമണം, അബഹ സ്‌പെഷ്യല്‍ എമര്‍ജന്‍സി സേനക്ക് കീഴിലുള്ള ട്രെയിനിംഗ് സെന്ററിലെ പള്ളിയിലുണ്ടായ സ്‌ഫോടനം, നജ്‌റാനിലെ അല്‍മശ്ഹദ് പള്ളിയിലും അല്‍ഹസയിലെ മസ്ജിദ് റിദായില്‍ നടന്ന സ്‌ഫോടനം, അറാറില്‍ മര്‍കസ് സുവൈഫില്‍ സുരക്ഷാസൈനികര്‍ക്ക് നേരെയുണ്ടായ സായുധാക്രമണം എന്നിവയിലെല്ലാം ഈ ഐ.എസ് യൂണിറ്റിന് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

രാജ്യത്തെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ചെന്ന് രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും ഇവര്‍ക്ക് ഭീകരസംഘത്തിലെ ഉന്നത നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Most Popular

error: