റിയാദ്: രാജ്യത്തെ അതിർത്തികളിലെ നിയന്ത്രണങ്ങൾ മെയ് പതിനേഴിന് നീക്കുമെന്ന് സഊദി സിവിൽ ഏവിയേഷൻ അറിയിച്ചു. ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സർക്കുലറിലാണ് മെയ് പതിനേഴു മുതൽ രാജ്യത്തെ അതിർത്തികളിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രാജ്യത്തെ സർവ്വീസ് നടത്തുന്ന വിമാന കമ്പനികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. നേരത്തെ മാർച്ച് 31 എന്ന തിയ്യതി അറിയിച്ചിരുന്നു. ഇത് രേഖപ്പെടുത്തിയ ഗാക സർക്കുലർ 38453/4 ൽ ഭേദഗതി വരുത്തിയാണ് മെയ് പതിനേഴിനെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രവാസികൾക്ക് സുഗമമായ യാത്രക്ക് മെയ് പതിനേഴ് വരെ കാത്തിരിക്കേണ്ടി വരും.
ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് രാജ്യത്തെ വാക്‌സിനേഷൻ നടപടികൾ വ്യാപകമാക്കിയത്. അന്താരാഷ്‍ട്ര അതിർത്തികൾ തുറക്കുന്നതോടെ രാജ്യത്തെ ഏകദേശം ആളുകളിലേക്കും വാക്‌സിനുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനകം പതിനേഴ് ലക്ഷത്തോളം ആളുകൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ഇപ്പോൾ 24 മണിക്കൂറും വാക്‌സിൻ നൽകാനുള്ള നടപടികളുമായി മന്ത്രാലയം രംഗത്തുണ്ട്.