റിയാദ്: അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അതിശക്തമായ പൊടിക്കാറ്റ് അടിച്ചു വീശുമെന്ന് മുന്നറിയിപ്പ്. ചുടുകാറ്റിനോടൊപ്പം കാഴ്ചയെ മറക്കുന്ന തരത്തിലുള്ള ശക്തമായ പൊടിക്കാറ്റ് ആയിരിക്കും ഉണ്ടാകുകെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
അൽജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, തബുക്കിന്റെ കിഴക്കൻ മേഖല തുടങ്ങിയിടങ്ങളിലാണ് പൊടിക്കാറ്റ് ശക്തിയായി ഉണ്ടാകുക. അൽ ഖസീം മേഖലയിലും കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകും.
അതേസമയം, രാജ്യത്താകമാനം അന്തരീക്ഷ താപനിലയും വർധിക്കും. മക്കയിൽ ഏറ്റവും ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തും. അബഹ, തുറയ്ഫ് എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ താപനിലയായി 13 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യയായ ദമാമിൽ വെള്ളിയാഴ്ച താപനിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകും.