Thursday, 19 September - 2024

ഹായിലിൽ അബ്ബാസിയ കാലഘട്ടത്തിലെ സ്വർണ്ണ നാണയം കണ്ടെത്തി

റിയാദ്: സഊദിയിലെ ഹായിലിൽ പുരാവസ്‌തു ഗവേഷണത്തിനിടെ അതിപുരാതന സ്വർണ്ണ നാണയം കണ്ടെത്തി. കിഴക്കൻ ഹായിലിലെ പുരാതന നഗരിയിലാണ് അബ്ബാസിയ ഖലീഫ ഹാറൂൻ റശീദിന്റെ കാലഘട്ടത്തിലെ സ്വർണ്ണ നാണയം കണ്ടെടുത്തത്. ഹിജ്‌റ 180 ലെ ഈ സ്വർണ്ണ നാണയത്തിന് നാല് ഗ്രാം ഭാരണമാണുള്ളത്.

നാണയത്തിന്റെ ഒരു ഭാഗത്ത് മധ്യഭാഗത്ത് ഏകദൈവ വചനം ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂഫി ലിപിയിൽ വളരെ സിംപിൾ ആയാണ് എഴുതിയിരിക്കുന്നതെന്ന് ആർട്സ് കോളേജ് ഡീൻ മുഹമ്മദ് അൽ ശഹ്‌രി പറഞ്ഞു. അതിനു ചുറ്റുമായി ഖുർആൻ വാഖ്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മറുഭാഗത്ത് മുഹമ്മദ് നബി പ്രവാചകനാണെന്ന സന്ദേശവും രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടു താഴെയായി വളരെ ചെറിയ അക്ഷരത്തിൽ ജഅഫർ എന്ന് നാമകരണവും കാണാനാകുമെന്ന് ഹായിൽ സർവ്വകലാശാലയിലെ ടൂറിസം, പുരാവസ്‌തു അബ്ദുല്ലാഹ് അൽ ഉംറാനും വെളിപ്പെടുത്തി.

ഖലീഫ ഹാറൂൻ റഷീദിന്റെ ഭരണകാലത്തെ മന്ത്രിയായ ജഅഫർ ബിൻ യഹ്‌യ അൽ ബർമകിയാണിതെന്നാണ് വ്യക്തമാക്കുന്നതെന്നും ഹിജ്‌റ 180 ലെ ദിനാർ ആണെന്ന നിഗമനത്തിൽ എത്തിച്ചേരാനാകുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം. കൂടാതെ, അബ്ബാസിയ കാലഘത്തിൽ ഉപയോഗിച്ച മറ്റു പല അബ്ബാസിയ കറൻസികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും ഈ മേഖലയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Most Popular

error: