മറ്റുള്ളവരിൽ നിന്ന് രജിസ്റ്റർ ചെയ്യുന്ന സംവിധാനത്തിന് ഭാഗിക നിയന്ത്രണം
റിയാദ്: സഊദിക്ക് പുറത്തുള്ള പ്രവാസികളിൽ ഇത് വരെ തവക്കൽന എടുക്കാത്തവർക്ക് ഇനി കാര്യങ്ങൾ അൽപം ബുദ്ധിമുട്ടായേക്കും. നിലവിൽ സഊദി ആക്‌റ്റീവ് സിം ഇല്ലാത്തവർക്ക് തവക്കൽനക്ക് വേണ്ടി മറ്റുള്ളവർ രജിസ്റ്റർ ചെയ്ത് കൊടുക്കാൻ അനുവദിച്ചിരുന്ന സംവിധാനം നിർത്തലാക്കിയതോടെ ഇനി മുതൽ ഇത്തരക്കാർക്ക് തവക്കൽന രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. നേരത്തെ അബ്ഷിർ എടുത്തവരാണെങ്കിൽ നമ്പർ നഷ്ടപ്പെട്ടാലും ഇനി രക്ഷയുണ്ടാകില്ല. ഇവർക്ക് സഊദിയിൽ തിരിച്ചെത്തിയാൽ മാത്രമേ ഇനി തവക്കൽന ആക്‌റ്റീവ് ചെയ്യാൻ സാധിക്കുകയുള്ളൂ.
ആദ്യഘട്ടത്തിൽ, സഊദിക്ക് പുറത്തുള്ളവരിൽ അബ്ഷിർ ആക്‌റ്റീവ് മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് തവക്കൽന ആക്‌റ്റീവ് ചെയ്യാൻ സാധിരുന്നില്ല. പിന്നീട് മറ്റുള്ളവരുടെ അബ്ഷിർ വഴി ഇത്തരക്കാർക്ക് പുതിയ നമ്പർ രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കിയിരുന്നു. ഒരാളുടെ അബ്ഷിർ തുറന്ന് ഇ സർവ്വീസിലെ തവക്കൽന നമ്പർ രജിസ്ട്രേഷൻ വഴി ആർക്കാണോ നമ്പർ രജിസ്റ്റർ ചെയ്ത് കൊടുക്കേണ്ടത് അവരുടെ ഇഖാമയും മറ്റു വിവരങ്ങളും നൽകിയായിരുന്നു ഇത് രജിസ്റ്റർ ചെയ്ത് നൽകാൻ സാധിച്ചിരുന്നത്. എന്നാൽ, അബ്ഷിറിൽ നേരത്തെ രജിസ്റ്റർ ചെയ്തവരാണെങ്കിൽ അവർക്ക് വേണ്ടി തവക്കൽന രജിസ്റ്റർ ചെയ്യാനായി പുതിയ നമ്പർ ചേർക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇതേ സംവിധാനം തവക്കൽന ആപിൽ തന്നെ ഏർപ്പെടുത്തിയിരുന്നു. അബ്ഷിർ മൊബൈൽ നമ്പർ നഷ്ടപ്പെട്ടവർക്കും അബ്ഷിർ നേരത്തെ രജിസ്റ്റർ ചെയ്തവർക്കും തവക്കൽനയിലെ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് പ്രവാസികളാണ് തവക്കൽന രജിസ്റ്റർ ചെയ്തിരുന്നത്. കൊവിഡ് തുടക്ക സമയത്ത് തന്നെ നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ ബഹു ഭൂരിഭാഗത്തിനും സഊദി മൊബൈൽ നമ്പർ നഷ്ടപ്പെട്ടിരുന്നതിനാൽ തവക്കൽനയിലെ രജിസ്ട്രഷൻ സംവിധാനം ഏറെ സഹായകരമായിരുന്നു.
എന്നാൽ, ഇപ്പോൾ തവക്കൽനയിലെ ഈ രജിസ്ട്രേഷന് ഭാഗകമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ നാട്ടിൽ കുടുങ്ങിയവർക്ക് വേണ്ടി തവക്കൽന രജിസ്ട്രേഷനായി സുഹൃത്തുക്കൾ തങ്ങളുടെ തവക്കൽനയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘നാട്ടിലുള്ളവർക്ക് ഇങ്ങനെ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന’ സന്ദേശമാണ് ലഭിക്കുന്നത്. എന്നാൽ, അബ്ഷിറിൽ, ഇപ്പോഴും ഈ സംവിധാനം ഉണ്ടെങ്കിലും നേരത്തെ അബ്ഷിറിൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ ‘ആക്റ്റീവ് അബ്ഷിർ അകൗണ്ട് ഉള്ളതിനാൽ രജിസ്ട്രേഷൻ സാധ്യമല്ലെന്ന സന്ദേശവും ലഭിക്കുന്നു. എന്നാൽ, അബ്ഷിർ നേരത്തെ ആക്റ്റീവ് ചെയ്യാത്തവർക്ക് വേണ്ടി അബ്ഷിർ വഴി തവക്കൽന നമ്പർ ആക്‌റ്റീവ് സാധിക്കുന്നുണ്ട്.

നാട്ടിലുള്ള പ്രവാസിക്ക് തവക്കൽനയിൽ മൊബൈൽ നമ്പർ ആക്റ്റീവ് ചെയ്യാൻ ശ്രമിക്കുമ്പോൾ കാണിക്കുന്ന സന്ദേശം
കഴിഞ്ഞ ദിവസം ഒരു പ്രവാസിക്ക് വേണ്ടി സുഹൃത്ത് ഒരു നമ്പർ രജിട്രേഷൻ ചെയ്യാൻ അദേഹത്തിന്റെ ഇഖാമ നമ്പർ നൽകി ശ്രമിച്ചപ്പോൾ സഊദിക്ക് പുറത്തായതിനാൽ സാധിക്കില്ലെന്ന സന്ദേശമാണ് ലഭിച്ചത്. തുടർന്ന് അബ്ഷിറിൽ ശ്രമിച്ചപ്പോൾ ഇഖാമ നമ്പറിൽ ആക്‌റ്റീവ് അബ്ഷിർ ഉള്ളതിനാൽ സാധ്യമല്ലെന്ന സന്ദേശവും ലഭിച്ചു. ഇതോടെ ഇദ്ദേഹത്തിന് മുന്നിൽ ഇനി സഊദിയിൽ എത്തിയ ശേഷം അല്ലാതെ തവക്കൽന തുറക്കാൻ മാർഗ്ഗം കാണുന്നില്ല.

അബ്ഷിറിൽ ശ്രമം നടത്തിയപ്പോൾ ലഭിച്ച സന്ദേശം
ചുരുക്കത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ നമ്പർ ഇല്ലാത്ത കാരണത്താലോ നഷ്ടപ്പെട്ട കാരണത്താലോ ഇത് വരെ തവക്കൽന രജിസ്റ്റർ ചെയ്യാത്തവർക്ക് ഇത് കടുത്ത തിരിച്ചടിയാണ്. ഇത്തരക്കാരിൽ അബ്ഷിർ ഉണ്ടായിട്ടും നമ്പർ നഷ്ടപ്പെട്ടവർ ആണെങ്കിൽ ഇവർക്ക് സഊദിയിൽ എത്തിയ ശേഷമല്ലാതെ ഒന്നും ചെയ്യാനാകില്ല.




