പ്രവാസികൾക്ക് വീണ്ടും ആശ്വാസ വാർത്ത; ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക്​ വാക്​സിൻ എടുക്കാത്തവർക്കും യാത്ര ചെയ്യാം

0
3597

ദുബൈ: ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ്  വാക്‌സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കൂടുതൽ ആശ്വാസമേകുന്ന വാർത്തകൾ പുറത്ത് വരുന്നു. വാക്സിനെടുക്കാത്തവര്‍ക്കും ദുബയിലേക്ക് യാത്ര ചെയ്യാമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്കുള്ള യാത്രക്ക്​ വാക്​സിനേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി വിമാന കമ്പനികൾ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

എയർഇന്ത്യ, വിസ്​താര ഉൾപെടെയുള്ള എയർലൈനുകൾ പുറത്തിറക്കിയ പുതിയ സർക്കുലറിലാണ്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. ദുബൈ റസിഡൻറ്​ വിസക്കാർക്ക്​ മാത്രമാണ്​ വാക്​സിനേഷനില്ലാത്ത യാത്രക്ക്​ അനുമതി.വാക്‌സിന്‍ എടുക്കാത്ത ദുബൈ റസിഡന്‍സ് വിസക്കാര്‍ക്കാണ് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങാനാവുക. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലം എന്നിവ നിര്‍ബന്ധമാണ്. കൂടാതെ, ജിആര്‍എഫ്എയുടെ അനുമതിയും നേടണം. എമിറേറ്റ്സ്​ എയർലൈനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്​. യാത്രക്കാര​ന്റെ സംശയത്തിന്​​ ട്വിറ്ററിൽ നൽകിയ മറുപടിയിലാണ്​ എമിറേറ്റ്​സ്​ ഇക്കാര്യം സ്ഥിരീകരിച്ചത്​.

 

നേരത്തെ ഇറക്കിയ സർക്കുലറിൽ യു.എ.ഇയിൽ നിന്നെടുത്ത വാക്​സിൻ നിർബന്ധമാണെന്ന്​ പറഞ്ഞിരുന്നു.  അതേസമയം, യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അബൂദബി, ഷാര്‍ജ തുടങ്ങിയ വിമാനത്താവളങ്ങളില്‍ പ്രവേശനാനുമതിയുള്ളത്.

ഇന്ത്യയിൽ നിന്ന്​ കൊവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്നാണ്​​ ​ഫ്‌ളൈ ദുബൈയും ഇൻഡിഗോ എയർലൈനും സർക്കുലറിൽ അറിയിച്ചിരിക്കുന്നത്​. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണമെന്നും സർക്കുലറിൽ പറയുന്നു. നിലവിൽ ദുബൈ വിസക്കാർക്ക്​ മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിൽ അനുമതി നൽകുന്നുള്ളു.

ഏറെ മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച മുതലാണ് ഇന്ത്യയടക്കം 6 രാജ്യക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നല്‍കിയത്. അതേസമയം, സന്ദര്‍ശക വിസക്കാര്‍ക്ക് വൈകാതെ യാത്രാ അനുമതി ലഭ്യമാകുമെന്നാണ് കരുതുന്നത്.