ജിദ്ദ: വികസനം മറയാക്കി ലക്ഷദ്വീപിലെ നിഷ്കളങ്കരും നിസ്വാർത്ഥരും ആയ മുസ്ലിംകളെ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച് ദ്രോഹിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റുകൾ യഥാർത്ഥത്തിൽ കോർപറേറ്റ് ഭീമന്മാരെ സഹായിക്കുകയാണെന്ന് യുവ പണ്ഡിതനും പ്രഭാഷകനുമായ ശിഹാബ് സലഫി എടക്കര പറഞ്ഞു. ഇസ്ലാമിന്റെ ആവിർഭാവം തൊട്ട് തന്നെ അതിന്റെ അനുയായികൾക്ക് കഠിനമായ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ പ്രതിവാര ഓൺലൈൻ
ക്ലാസ്സിൽ ‘പരീക്ഷണമാണ് ഇസ്ലാം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർഗ്ഗം നേടാനുള്ള പരിശ്രമങ്ങൾ നശ്വരമായ ആയുസ്സിന്റെ സമയം കൊണ്ട് നിർവഹിച്ചു തീർക്കേണ്ട മനുഷ്യന് നിരന്തര പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. മനുഷ്യരിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയരായിട്ടുള്ളവർ പ്രവാചകന്മാരാണ്. പിന്നീട് പ്രബോധന ദൗത്യം ഏറ്റെടുത്ത ആളുകൾക്കും തുല്യതയില്ലാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സൃഷ്ടാവിന്റെ ഇഷ്ട ദാസന്മാർക്ക് നിരന്തര പരീക്ഷണങ്ങളെ കണ്ട് മുട്ടേണ്ടി വരുമെന്നും അവയെല്ലാം നന്മക്കാണെന്നുള്ള തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ വന്ന് ചേരുന്ന പ്രയാസങ്ങൾ കാരണമായി സ്വർഗ്ഗത്തിൽ തന്റെ പദവികൾ വർദ്ധിക്കുന്നുണ്ടെന്നുള്ള വിശ്വാസം നൽകുന്ന ആത്മ ബലം കൊണ്ട് കഠിനമായ പരീക്ഷണങ്ങളെ ക്ഷമാ പൂർവ്വം നേരിടുന്നവർക്ക് നഷ്ട്ടപെട്ടതെല്ലാം സൃഷ്ടാവ് തിരിച്ചു നൽകുമെന്ന പാഠം കഠിന പരീക്ഷണങ്ങൾക്ക് വിധേയനായ അയ്യൂബ് നബിയുടെ ജീവിത ചരിത്രം വിശദീചാരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
വർത്തമാന കാലത്ത് പ്രയാസപ്പെടുന്ന വിശ്വാസികൾ തങ്ങൾക്കു നഷ്ട്ടപ്പെട്ടതിനെയോർത്ത് വിലപിക്കാതെ ക്ഷമയോടെ അവയെ നേരിടാൻ തയ്യാറായാൽ നഷ്ട്ടപ്പെട്ടതെല്ലാം തിരിച്ചു നൽകാൻ സൃഷ്ടാവ് തയ്യാറാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച യോഗത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.