ദുബൈ: കൊവിഡ് വകഭേദങ്ങളെ തടയാനും വാക്സിനുകൾ ഫലപ്രദമെന്ന് പഠനം. ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെൻറിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫൈസർ ബയോൺടെക് രണ്ട് ഡോസ് സ്വീകരിച്ചവരിൽ 96 ശതമാനം പേരും രോഗം കലശലാകാതെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെയും ഓക്സ്ഫോർഡ് ആസ്ട്രാസെനിക ഉപയോഗിച്ചവരിൽ 92 ശതമാനം പേർക്കും രോഗശമനം ഉണ്ടായതായും പഠനത്തിൽ പറയുന്നു.
അതേസമയം, ഒരു ഡോസ് മാത്രം സ്വീകരിച്ചവരിലെ ഫലപ്രാപ്തി ഇതിനെക്കാൾ 17 ശതമാനം കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. വാക്സിനേഷൻ അതിവേഗത്തിൽ എല്ലാവരിലും എത്തിക്കുന്നതിലൂടെ ആയിരക്കണക്കിന് ജീവനാണ് രക്ഷിക്കാൻ സാധിച്ചതെന്ന് യു.കെ ഹെൽത്ത് ആൻഡ് കെയർ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. മരണ നിരക്ക് കുറക്കാനും രോഗത്തെ പ്രതിരോധിക്കാനും ഏറ്റവും സഹായകരമാകുന്നതാണ് വാക്സിനേഷൻ എന്നതാണ് ഈ പഠനം തെളിയിക്കുന്നത്.