മലപ്പുറം: സഊദിയിലേക്ക് പോകാനായി നേപ്പാളിലെത്തിയപ്പോൾ ഷൗക്കത്തലി കരുതിയിരുന്നില്ല ഇനി നേപ്പാളിൽ പ്രവാസിയായി തുടരേണ്ടി വരുമെന്ന്. അപ്രതീക്ഷിതമായി വന്നെത്തിയ ജോലിയിൽ ഇപ്പോൾ സംതൃപ്തനാണ് മലപ്പുറം സ്വദേശിയായ ഷൗക്കത്തലി. സഊദി പ്രവാസിയായിരുന്ന ഇദ്ദേഹം ഇപ്പോൾ നേപ്പാളിലെ സ്ഥിരം തൊഴിലാളിയായി ജോലി ഏറ്റെടുത്തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പാചക കൂട്ടിൽ നേപ്പാൾ ഇപ്പോൾ ഏറെ സംതൃപ്തിയിലുമാണ്. സഊദിയിലേക്ക് കടക്കാനായില്ലെങ്കിലും അവിടെ ചെയ്തിരുന്ന അതെ ജോലി തന്നെ കിട്ടിയതിന്റെ സന്തോഷത്തിലുമാണ് ഇദ്ദേഹം. രണ്ടര മാസമായി കഠ്മണ്ഡു മൗണ്ടൻ ഗേറ്റ്‌വേ ഹോട്ടലിൽ പ്രധാന ഷെഫ് ആണ് മലപ്പുറം ഓലപ്പാറ സ്വദേശിയായ ഷൗക്കത്തലി.

ഇന്ത്യയിൽ നിന്ന് നിന്നു നേരിട്ടു വിമാനമില്ലാത്തതിനാൽ സഊദിയിലേക്കു പോകാനായാണ് ഷൗക്കത്തലി നേപ്പാളിൽ എത്തിയത്. എന്നാൽ, അന്നത്തെ പ്രത്യേക സാഹചര്യത്തിൽ താമസ രേഖയായ ഇഖാമ പുതുക്കി ലഭിക്കാതെയായതോടെ യാത്ര മുടങ്ങി. ഇതോടെയാണ് പ്രവാസ ലോകം നേപ്പാളിൽ ആക്കേണ്ടി വന്നത്. സഊദിയിൽ 20 വർഷമായി ഷെഫ് ആയിരുന്ന ഇദ്ദേഹം അവസാന 13 വർഷവും മക്കയിലായിരുന്നു ജോലി ചെയ്തിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. പലവഴി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജോലിയിൽ തിരിച്ചു കയറാനായി നേപ്പാൾ വഴി പോകാമെന്ന ഉദ്ദേശ്യത്തോടെ രണ്ടര മാസം മുൻപാണ് അവിടെ എത്തിയത്. എന്നാൽ, എന്നാൽ, ഇഖാമ കാലാവധി കഴിഞതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. പല ശ്രമങ്ങളും നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ നേപ്പാളിൽനിന്നു നാട്ടിലേക്കു മടങ്ങേണ്ടി വരുമോ എന്നു കരുതി നിൽക്കുമ്പോൾ ആണ് താമസിച്ച മൗണ്ടൻ ഗേറ്റ് വേ ഹോട്ടൽ ഉടമ മംഗളൂരു സ്വദേശി മുഹമ്മദ് ഇബ്രാഹിം, ഷൗക്കത്തലിക്ക് ജോലി നൽകിയത്.

അവിടെയുള്ള പ്രധാന ഷെഫ് നാട്ടിലേക്കു മടങ്ങിയ സമയമായിരുന്നതാണ് സഹായകരമായത്. അതോടെ ഷൗക്കത്തലി അവിടെ പാചകക്കാരനായി. പലതരം ബിരിയാണിയും കറികളും നെയ്ച്ചോറും പൊറോട്ടയുമെല്ലാം രുചിയോടെ ഷൗക്കത്തലി ഉണ്ടാക്കും. ഈ ഹോട്ടലിൽ താമസിച്ചവരെല്ലാം ഷൗക്കത്തലിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞവരുമാണ്.




