അൽജൗഫ്: സൗദിയിലെ അൽജൗഫ് മേഖലയിൽ സകാക്കയിലെ ഒരു ഫാമിലെ രഹസ്യ ഭൂഗർഭ ഗോഡൗണിൽ ഒളിപ്പിച്ച 1,882,198 ആംഫെറ്റാമൈൻ ഗുളികകൾ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
സൗദി അറേബ്യയുടെയും യുവാക്കളുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള കള്ളക്കടത്ത്, ശൃംഖലകളിലെ തുടർനടപടികളാണ് ലഹരി മരുന്ന് വേട്ടയ്ക്ക് കാരണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജിഡിഎൻസി) വക്താവ് മേജർ മർവാൻ അൽ ഹസ്മി പറഞ്ഞു.

മൂന്ന് സൗദി പൗരന്മാരെയും ഒരു യെമൻ സ്വദേശിയെയും അറസ്റ്റ് ചെയ്തതായി മേജർ അൽ ഹസ്മി സ്ഥിരീകരിച്ചു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുമ്പ് അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ടതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന എല്ലാ പൗരന്മാരോടും താമസക്കാരോടും മക്ക, റിയാദ്, ഷർഖിയ മേഖലകളിലെ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും ഉടൻ അറിയിക്കണമെന്ന് സുരക്ഷാ ഏജൻസികൾ അഭ്യർത്ഥിച്ചു.




